IndiaLatest

എക്‌സ് ഇ ഗുജറാത്തില്‍ കണ്ടെത്തി

“Manju”

ഗാന്ധിനഗര്‍: കൊവിഡ് വൈറസിന്റെ ഏതൊരു വകഭേദത്തെക്കാളും വ്യാപനശേഷി കൂടിയതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ എക്‌സ് ഇ, ഗുജറാത്ത് സ്വദേശിയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മറ്റൊരു വകഭേദമായ എക്‌സ് എമ്മും സംസ്ഥാനത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മുംബയില്‍ എക്‌സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് തള്ളിയിരുന്നു.

പുതിയ വകഭേദത്തിന്റെ സാന്നിധ്യം തെളിയിക്കാനായില്ലെന്നായിരുന്നു വിശദീകരണം. ഇന്‍സാകോഗ് ( ജനിതക ശ്രേണികരണവും വൈറസ് വ്യതിയാനവും പഠിക്കുന്നതിനായും നിരീക്ഷിക്കുന്നതിനായും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച സമിതി) മുംബയ് സ്വദേശിയില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ പരിശോധിച്ചതില്‍ എക്‌സ് ഇ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. കൊവിഡ് വകഭേദമായ ബി എ.1, ബി എ.2 എന്നീ ഉപവിഭാഗങ്ങള്‍ സംയോജിച്ച്‌ രൂപപ്പെടുന്നതാണ് എക്‌സ് ഇ.

ബി എ.2 ഉപവിഭാഗത്തെക്കാളും വ്യാപനശേഷി കൂടിയ എക്‌സ് ഇ ജനുവരി 19ന് യു കെയിലാണ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ പുതിയ വകഭേദം രാജ്യത്ത് മറ്റൊരു കൊവി‌ഡ് തരംഗത്തിന് കാരണമാകുമോയെന്ന് ഇന്ത്യന്‍ വൈറോളജിസ്റ്റുകള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button