IndiaLatest

ഇന്ത്യന്‍ ഹോക്കിയെ പത്തുവര്‍ഷത്തേക്ക് ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഒഡീഷ

“Manju”

ഭുബനേശ്വര്‍: ഇന്ത്യന്‍ ഹോക്കിയുടെ രക്ഷകര്‍ത്താവായി തുടരാന്‍ തയ്യാറെന്ന് ഒഡീഷ സംസ്ഥാന സര്‍ക്കാര്‍. അടുത്ത പത്തുവര്‍ഷത്തേക്ക് കൂടി ഹോക്കി ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം കുറിച്ച പുരുഷ വനിതാ ടീമുകളുടെ താരങ്ങളെ അഭിനന്ദിച്ച ചടങ്ങാണ് നവീന്‍ പട്‌നായികിന്റെ നേതൃത്വത്തില്‍ നടന്നത്. മെഡല്‍ നേടിയ പുരുഷ ടീമിന് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കിയ ചടങ്ങില്‍ വനിതാ ടീമിലെ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ക്കും പ്രത്യേക പുരസ്‌ക്കാരങ്ങള്‍ നല്‍കി.

2018 മുതല്‍ ഇന്ത്യന്‍ ഹോക്കിയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ഒഡീഷ സര്‍ക്കാരാണ്. കായിക ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏക സംസ്ഥാനമാണ് ഒഡീഷ. ഒളിമ്പിക്സ് നേട്ടത്തോടെ ഹോക്കി ഒഡീഷയിലെ ജനങ്ങളില്‍ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രനിമിഷമാണ്. ഹോക്കിയില്‍ 41വര്‍ഷത്തിന് ശേഷം ഒളിമ്പിക്‌സില്‍ നേടിയ മെഡല്‍ ഏറെ വിലമതിക്കുന്നതാണെന്നും നവീന്‍ പട്‌നായിക് പറഞ്ഞു. ഹോക്കിയുടെ വിജയ യാത്രയില്‍ പങ്കാളിയാകാന്‍ സാധിക്കുന്നത് വലിയ സൗഭാഗ്യമാണെന്നും അത് തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും നവീന്‍ പട്‌നായിക് പറഞ്ഞു.

ഹോക്കി ടീം അംഗങ്ങള്‍ ഒന്നടങ്കം ഒഡീഷ സര്‍ക്കാറിന് നന്ദി അറിയിച്ചു. കലിംഗ സ്റ്റേഡിയത്തില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടക്കുമ്പോള്‍ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒഡീഷ സര്‍ക്കാര്‍ നല്‍കുന്നതെന്നും ഹോക്കി ടീമംഗങ്ങള്‍ പറഞ്ഞു. നവീന്‍ പട്‌നായികിന്റെ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് പുരുഷ ടീം നായകന്‍ മന്‍പ്രീതും അഭിപ്രായപ്പെട്ടു.

Related Articles

Back to top button