KeralaKollamLatest

തദ്ദേശ സ്ഥാപനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരും

“Manju”

കൊല്ലം: ഓണത്തോടനുബന്ധിച്ച്‌ തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും. രോഗവ്യാപനം കുറയ്ക്കുന്നതിനാണ് നടപടി. പട്ടാഴിയില്‍ കവലകളിലും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അരുണ്‍ അലക്സാണ്ടര്‍ പറഞ്ഞു. കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്‌ഐ, സെക്ടറല്‍ മജിസ്‌ട്രേറ്റ്, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനാണ് ചുമതല. പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആന്റിജന്‍ പരിശോധനയും നടത്തുന്നുണ്ട്. പട്ടാഴി വടക്കേക്കരയില്‍ പ്രധാന കവലകളില്‍ പരിശോധന തുടരും.

ചിറക്കരയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയിലാണ്. വരും ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. പഞ്ചായത്തില്‍ ഇതുവരെ 6781 ആന്റിജന്‍ പരിശോധനകളും 3860 ആര്‍ടി-പിസിആര്‍ പരിശോധനകളും നടത്തിയിട്ടുണ്ട്. 3320 പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനുകളും 8145 പേര്‍ക്ക് ആദ്യ ഡോസും നല്‍കി. കൊവിഡ് രോഗ ബാധിതരായ 11 പേര്‍ ആശുപത്രികളിലും 25 പേര്‍ ചിറക്കര ഗവ. ഹൈസ്‌കൂളിലെ ഡിസിസിയിലും ചികിത്സയിലുണ്ട്.

വെളിനല്ലൂരില്‍ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷ്യക്കിറ്റുകളും ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകളും വിതരണം ചെയ്തുവരുന്നു. ആന്റിജന്‍, ആര്‍ടി-പിസിആര്‍ പരിശോധനകളും വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എം.അന്‍സാര്‍ പറഞ്ഞു.

കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ നെടുമണ്‍കാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ആന്റിജന്‍ പരിശോധന ക്യാമ്പും നടക്കുന്നുണ്ട്. അഞ്ച് പഞ്ചായത്തുകളിലെയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. പൊതു ഇടങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ഡിസിസിയില്‍ 17 പേര്‍ ചികിത്സയിലുണ്ട്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. വാക്‌സിനേഷന്‍ തൊണ്ണൂറു ശതമാനം പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.

Related Articles

Back to top button