KeralaLatest

സുഗതൻ മാഷിന്റെ കരുതലിൽ ഒറ്റ മുറി വീട്ടിൽ അന്തിയുറങ്ങിയിരുന്ന 5 ജീവിതങ്ങൾക്ക് ഇനി സുഖമായി ഉറങ്ങാം

“Manju”

അനൂപ് എം സി

മാവേലിക്കര- യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന മൂന്ന് വിദ്യാർത്ഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കും സുരക്ഷിത ഭവനം ഒരുക്കാൻ വഴിയൊരുക്കി വീണ്ടും വ്യത്യസ്തനായിരിക്കുകയാണ് സുഗതൻ മാഷ്. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും താമരക്കുളം വി.വി.എച്ച്.എസിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനുമായ ശാസ്താംകോട്ട ഭരണിക്കാവ് പൗർണ്ണമിയിൽ എൽ.സുഗതനാണ് തന്റെ പ്രിയ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി തലചായ്ക്കാൻ ഭവനം ഒരുക്കിക്കൊടുക്കുന്നതിന് മുന്നിട്ടിറങ്ങിയത്.

മഹാമാരിയുടെ ഭീതിയിൽ അകപ്പെട്ട മാഷിന്റെ ക്ലാസിലെ നാൽപതോളം വിദ്യാർത്ഥികളുടെ വീടുകളിലേക്ക് കരുതലും സമ്മാന പൊതികളുമായി മാഷ് നടത്തിയ സന്ദർശനത്തിന്റെ വാർത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ സന്ദർശനത്തിനിടയിലാണ് മാവേലിക്കര കൊച്ചാലുംമൂട് ജംഗ്ഷന് സമീപത്തായി താമസിക്കുന്ന പ്രിയ വിദ്യാർത്ഥിനി പൗർണ്ണമിയുടെ വീട്ടിലും അദ്ദേഹം എത്തിയത്. അവിടെ മാഷ് കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. കൊച്ചാലുംമൂട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പഴയ തീപ്പെട്ടി കമ്പനിയോട് ചേർന്ന് വെട്ടവും വെളിച്ചവുമില്ലാതെ, ശുചിമുറിയുടെ വലിപ്പമില്ലാത്ത, തകര ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി വീട്ടിലാണ് മാഷിന്റെ മൂന്ന് വിദ്യാർത്ഥിനികൾ അടക്കമുള്ള 5 ജീവിതങ്ങൾ കഴിഞ്ഞുകൂടിയിരുന്നത്.
40 വർഷം മുൻപ് ജോലി തേടി കേരളത്തിൽ എത്തിയതായിരുന്നു തമിഴ് വംശജരായ അന്നാ ലക്ഷ്മിയും ചെല്ലയ്യയും. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഇവരുടെ മൂന്ന് പെൺകുട്ടികളുമൊത്താണ് ഒറ്റമുറി കൂരക്ക് താഴെ ഇവർ അന്തിയുറങ്ങിയിരുന്നത്. മുമ്പ് ആർ.രാജേഷ് എം.എൽ.എ ഇടപെട്ട് ഇവരെ ചാരുംമൂട് പ്രീമെട്രിക് ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്നതാണ്. എന്നാൽ ലോക് ഡൌൺ ആയതോടെ വീണ്ടും ഈ ഒറ്റമുറി വീട്ടിൽലേക്ക് അവർ എത്തുകയായിരുന്നു. ചെല്ലയ്യയ്ക്ക് തീപ്പെട്ടി കമ്പനിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയാതെ വന്നപ്പോൾ വാടക വീട് ഒഴിഞ്ഞ് കമ്പനിയോട് ചേർന്നുള്ള ഒറ്റമുറി വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.
ഇതിനിടയിൽ വാർഡ് മെമ്പർ മനു ഫിലിപ്പ് ഇവർക്കായി റേഷൻ കാർഡ് ക്രമീകരിച്ച് നൽകിയും ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ചില സാങ്കേതിക കാരണത്താൽ വീട് ലഭിച്ചില്ല.

കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ സുഗതൻ മാഷും സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.എസ് സലാമത്തും തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷിനെയും വാർഡ് മെമ്പർ മനു ഫിലിപ്പിനെയും നേരിൽ കണ്ട് വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. അന്ന് രാത്രി തന്നെ പഞ്ചായത്ത് അധികൃതർ ഇവരെ ഒരു വാടക വീട്ടിലേക്ക് മാറ്റി. തുടർന്ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ദീപാ ജയാനന്ദിന്റെ നേതൃത്വത്തിൽ ഒൺലൈൻ പഠനത്തിനായി ടെലിവിഷൻ സമ്മാനിച്ചു. പൗർണ്ണമിയുടെ കുടുംബത്തിന് സ്വന്തമായി വസ്തുവും വീടും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആർ.രാജേഷ് എം.എൽ.എ അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള ഭരണപരമായ നടപടികൾ ആരംഭിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷും വാർഡ് മെമ്പർ മനു ഫിലിപ്പും പറഞ്ഞു.

 

Related Articles

Back to top button