IndiaLatest

അര്‍ഹരായവരില്‍ 75 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ 5 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 75 ശതമാനം പേര്‍ക്ക്  (2,16,08,979) ഒരു ഡോസ് വാക്സിന്‍  നല്‍കി. ഇന്നലെ വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 28 ശതമാനം പേര്‍ക്ക് (80,27,122) രണ്ട് ഡോസ് വാക്സിന്‍ നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ദശലക്ഷം (8,32,475) ഉള്ള സംസ്ഥാനം കേരളമാണ് .
45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. കോവിഡ് 19 വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
നിലവില്‍ ചികിത്സയില്‍ ഉള്ള കേസുകളില്‍ 12.82 ശതമാനം മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ ചികിത്സയില്‍ ഉള്ള കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഐസിയുവില്‍ ഉള്ളത്. കോവിഡ് പോസിറ്റീവായ മറ്റ് അനുബന്ധ രോഗമുള്ള ആളുകള്‍ വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് അനുവദിച്ചത്.
എറണാകുളത്തേയും കോഴിക്കോട്ടേയും വാക്സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്സിന്‍ എത്തുന്നതാണ്. ലഭ്യമായ വാക്സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button