InternationalLatest

സ്ത്രീകള്‍ ഇനി സ്പോര്‍ട്സില്‍ പങ്കെടുക്കേണ്ട, താലിബാന്‍

“Manju”

കാബൂള്‍ : അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതോടെ ജനങ്ങളില്‍ തങ്ങളുടെ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച്‌ താലിബാന്‍ ഭരണകൂടം. ശരീരം പുറത്ത് കാണുമെന്നതിനാല്‍ സ്ത്രീകള്‍ സ്പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നാണ് താലിബാന്റെ പുതിയ തീരുമാനം . ഇതോടെ അഫ്ഗാനിസ്ഥാനില്‍ വിവിധ വനിതാ സ്‌പോര്‍ട്‌സ് ടീമുകള്‍ പിരിച്ചുവിടും എന്നുറപ്പായി. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറത്ത് കാണുമെന്നതിനാലാണ് സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് നിരോധിച്ചതെന്നാണ് താലിബാന്റെ വിശദീകരണം. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് പുതിയ അഫ്ഗാന്‍ ഇടക്കാല സര്‍ക്കാര്‍ വെളിപ്പെടുത്തി.

തങ്ങള്‍ മതനിയമങ്ങള്‍ പിന്തുടരും എന്നാണ് താലിബാന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. മതനിയമങ്ങള്‍ പാലിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നടത്താമെന്ന് താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളെ വനിതാ അദ്ധ്യാപകര്‍ മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്നും എന്നാല്‍ അത് സാദ്ധ്യമല്ലെങ്കില്‍ നല്ല സ്വഭാവമുള്ള വൃദ്ധരായ പുരുഷന്‍മാര്‍ക്ക് ക്ലാസെടുക്കാനും താലിബാന്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം കര്‍ട്ടന്‍ ഉപയോഗിച്ച്‌ വേര്‍തിരിച്ച ക്ലാസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു.

സ്വകാര്യ അഫ്ഗാന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന സ്ത്രീകള്‍ അബായ വസ്ത്രവും നിഖാബും ധരിക്കണമെന്ന് താലിബാന്‍ ഉത്തരവിറക്കിയിരുന്നു.

Related Articles

Back to top button