IndiaLatest

പഞ്ചാബില്‍ അധികാരമാറ്റം

“Manju”

അമൃത്സര്‍: പഞ്ചാബില്‍ അധികാരമാറ്റത്തിന്റെ സൂചന. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നേരിടുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് അമരീന്ദറിനെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിനു മുന്‍പ് അമരീന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.
അതേസമയം, പാര്‍ട്ടി തീരുമാനം തനിക്ക് അവമതിപ്പുണ്ടായെന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി മാത്രമല്ല, പാര്‍ട്ടി വിടുമെന്ന സുചനയും അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അതിനിടെ, അമരീന്ദര്‍ രണ്ടുമണിക്ക് എം.എല്‍.എമാരെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.
അമരീന്ദറിനെ മാറ്റി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോതി സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നു. 40 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരുകാലത്ത് അമരീന്ദറിന്റെ വിശ്വസ്തന്‍ മുന്‍ പി.സി.സി പ്രസിഡന്റ് സുനില്‍ ജാഖറിനും സാധ്യത കല്പിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ അഭിപ്രായ സര്‍വേയില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇത് കോണ്‍ഗ്രസിനെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്. അധികാരത്തിലുള്ള സംസ്ഥാനം കൈവിട്ടുപോകാതിരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

Related Articles

Back to top button