KeralaLatestThiruvananthapuram

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

“Manju”

തിരുവനന്തപുരം: കഴക്കൂട്ടംഎലിവേറ്റഡ് ഹൈവേ നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിര്‍മ്മാണം ആരംഭിച്ചത്. 2022 പകുതിയോടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് നിര്‍മ്മാണ കമ്പനിയായ ആര്‍.ഡി.എസിന്റെയും സര്‍ക്കാറിന്റെയും പ്രതീക്ഷ. പാലം അടുത്ത വര്‍ഷം തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.

എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനത്തോളം നിര്‍മ്മാണം പൂര്‍ത്തിയായി. ടെക്നോപാര്‍ക്ക് മുതല്‍ ബൈപാസ് ജംഗ്ഷന്‍ വരെയുള്ള ഗര്‍ഡറുകള്‍ സ്ഥാപിച്ചു . മിഷന്‍ ആശുപത്രി വരെയുള്ള ഭാഗത്തെ പിയര്‍ ക്യാപ്പുകളും ഗര്‍ഡറുകളും സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. രാത്രിയും പകലുമായി 300 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. നേരത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാല്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. സര്‍വ്വീസ് റോഡില്ലാത്തതിനാല്‍ ദേശീയ പാതയില്‍ കഴക്കൂട്ടം കടക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

200 കോടിയോളം രൂപ ചെലവിട്ട് 61 തൂണുകളിലായി 2.72 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്നത്. 7.5 മീറ്ററില്‍ ഇരുഭാഗത്തും സര്‍വീസ് റോഡിനെ കൂടാതെ 7.75 മീറ്റര്‍ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും. എലിവേഡറ്റ് ഹൈവേ യാഥാര്‍ത്ഥത്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ സുഗമമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

Related Articles

Back to top button