IndiaLatest

66 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി ഇന്ത്യ

“Manju”

ദില്ലി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ ജന സംഖ്യയുടെ 66 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഒരു ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. അതായത് 18 വയസും അതിന് മുകളിലുമുള്ള പ്രായത്തിലുള്ള 66% പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്കും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്, ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ പറഞ്ഞു.
മൊത്തം 61.85 കോടി ഇന്ത്യക്കാര്‍ക്ക് കോവിഡ് – 19 വാക്‌സിന്‍ ആദ്യ ഡോസ് ഉപയോഗിച്ച്‌ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 21.55 കോടി പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. സെപ്റ്റംബറിലെ ആദ്യ 22 ദിവസങ്ങളില്‍ ഇതുവരെ 18 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയതായി കേന്ദ്രം അറിയിച്ചു. നേരത്തെ ആഗസ്റ്റ് മാസത്തില്‍ മാത്രം 18 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
രാജ്യത്തെ ആറോളം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ജനസംഖ്യയ്ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ഗോവ, ഹിമാചല്‍ പ്രദേശ്, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, സിക്കിം എന്നിവയാണത്. നാല് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, കേരളം, ലഡാക്ക്, ഉത്തരാഖണ്ഡ് 90 ശതമാനം വാക്‌സിന്‍ കൈവരിച്ചത്.
വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കും കേന്ദ്രം പുറത്തുവിട്ടു. ആരോഗ്യ പ്രവര്‍ത്തകരില്‍ 99 ശതമാനം പേര്‍ക്കും ഒരു ഡോസ് ഉപയോഗിച്ച്‌ കുത്തിവയ്പ്പ് നടത്തിയതായും 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ സെപ്റ്റംബര്‍ 22 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും ( 2,43,03,668 ), 38.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ( 1,02,95,020 ) നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 57 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി .

Related Articles

Back to top button