IndiaLatest

ഒടുവില്‍ രാജ്യം ഷക്കീറിന് ബിഗ് സല്യൂട്ട് നല്‍കി

“Manju”

ന്യൂഡല്‍ഹി: മകന്റെ രാജ്യ സ്‌നേഹം ചോദ്യം ചെയ്ത് ജനം പരിഹസിച്ചപ്പോള്‍ 13 മാസത്തെ പോരാട്ടത്തിനൊടുവില്‍ തന്റെ മകന്‍ തികഞ്ഞ രാജ്യ സ്‌നേഹി എന്ന് തെളിയിച്ച്‌ പിതാവ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കാണാതായ ടെറിട്ടോറിയല്‍ ആര്‍മി റൈഫിള്‍മാന്‍ ഷക്കീര്‍ മന്‍സൂറിന്റെ (26) മൃതദേഹം മണ്ണിനടിയില്‍ നിന്നും കണ്ടെത്തി പൂര്‍ണ സൈനിക ബഹുമതികളോടെ ഇന്നലെ സംസ്‌കരിച്ചപ്പോളാണ് അച്ഛന്‍ മന്‍സൂര്‍ അഹമ്മദ് വഗെയ് അഭിമാനത്തോടെ തലയുയര്‍ത്തി നിന്നത്.
ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങവേ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഷക്കീറിനെ കാണാതാവുകയായിരുന്നു. ഷക്കീറിനെ കാണാതായി ഏതാനും ദിവസങ്ങള്‍ക്കു ശേഷം സമീപമുള്ള കൃഷിയിടത്തില്‍ നിന്നു ചോര പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാര്‍ത്ത വന്നതോടെ, മണ്‍വെട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയ മന്‍സൂര്‍ താഴ്‌വരയിലുടനീളം തിരച്ചില്‍ നടത്തി.
ഇതിനിടെ, ഷക്കീര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നിരിക്കാമെന്നു ചിലര്‍ പ്രചരിപ്പിച്ചു. രാജ്യസേവനത്തിനായി യൂണിഫോം അണിഞ്ഞ മകന്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നുവെന്ന വ്യാജപ്രചാരണം മന്‍സൂറിനെ തളര്‍ത്തിയെങ്കിലും തോല്‍ക്കാന്‍ അദ്ദേഹം തയാറായില്ല. മകനെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോള്‍ ഷക്കീര്‍ പാക്കിസ്ഥാനില്‍ ആയിരിക്കുമെന്ന കുത്തുവാക്കുകളോടെ ചില പൊലീസുകാര്‍ പരിഹസിച്ചു. ഷക്കീര്‍ രാജ്യത്തിനു നല്‍കിയ സേവനങ്ങള്‍ നിറകണ്ണുകളോടെ എണ്ണിപ്പറഞ്ഞാണു മന്‍സൂര്‍ അവരെ നേരിട്ടത്.
ഒടുവില്‍, 13 മാസത്തിനും 21 ദിവസങ്ങള്‍ക്കും ശേഷം കുല്‍ഗാമില്‍ നിന്ന് അഴുകിയ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി. ഷക്കീര്‍ കയ്യില്‍ അണിഞ്ഞിരുന്ന ബ്രേസ് ലെറ്റില്‍ നിന്നു മന്‍സൂര്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ മകന്റെ ശരീരാവശിഷ്ടങ്ങള്‍ അദ്ദേഹം മാറോടണച്ചു. മൃതദേഹമടങ്ങിയ പേടകം ചുമലിലേന്തിയ സൈനികര്‍ സേനയുടെ ചിനാര്‍ കോര്‍ യുദ്ധസ്മാരകത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Related Articles

Back to top button