LatestNature

നമ്മുടെ വീട്ടുമുറ്റത്തും ഒരുക്കാം മനോഹരമായ താമരക്കുളം

“Manju”

വെളളത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന താമരപ്പൂക്കള്‍ ആരുടെയും മനം കവരുന്നവയാണ്. കേരളത്തില്‍ ഏറ്റവും അധികം താമര കൃഷി ചെയ്യുന്നത് തിരുനാവായിലാണ്. ഇവിടുത്തെ താമരപ്പാടങ്ങളില്‍ വിടര്‍ന്നു കിടക്കുന്ന ആയിരക്കണക്കിനു താമരകൾ മനോഹരമായ കാഴ്ച്ചയാണ്. നിറത്തിലും വലുപ്പത്തിലും കാണാന്‍ ഏറെ ഭംഗിയുളള ഇവ നമ്മുടെ വീട്ടുമുറ്റത്തും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. തുടക്കം മുതല്‍ ആവശ്യമായ ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യണം എന്നു മാത്രം. താമരകൃഷി ചെയ്യുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ചില ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴിയോ താമരവിത്ത് സംഘടിപ്പിക്കുക.

താമര വിത്തിന്റെ തോടിന് കട്ടികൂടുതലായതിനാല്‍ അത് പിളര്‍ന്ന് നാമ്പ് പുറത്തുവരാന്‍ അധികം സമയമെടുക്കും. അതുകൊണ്ടു തന്നെ വിത്തിന് മുകളില്‍ ചുറ്റിക കൊണ്ട് ചെറുതായി അടിച്ച് തോടിന് ചെറിയ പിളര്‍പ്പുണ്ടാക്കിയാല്‍ നാലു ദിവസം കൊണ്ടു വിത്തില്‍ മുള പൊട്ടും. പിന്നീട് ഈ വിത്തുകള്‍ ചെറിയ പാത്രത്തില്‍ വെള്ളം നിറച്ച് അതിലിട്ടു വെക്കണം. നാലാമത്തെ ദിവസം വിത്ത് തളിരിട്ട് വേരുകള്‍ പുറത്തേയ്ക്ക് വരും. കുറച്ചു ദിവസം അതില്‍ തന്നെ ഇട്ടു വെയ്ക്കണം. ഒരോ ദിവസവും പാത്രത്തിലെ വെള്ളം മാറ്റാന്‍ ശ്രദ്ധിക്കണം.

ചെറിയ ഇല രൂപപ്പെട്ടു കഴിഞ്ഞാല്‍ തൈകള്‍ വളര്‍ത്താനുള്ള വലിയ പാത്രത്തിലേക്കു മാറ്റാം. ജലസസ്യമാണെങ്കിലും താമര വളരാന്‍ ചെളിയുള്ള മണ്ണ് ആവശ്യമാണ്. ഇതിനായി മുക്കാല്‍ ഭാഗം കളിമണ്ണും കാല്‍ഭാഗം മണ്ണും യോജിപ്പിച്ച് പാത്രത്തില്‍ നിറക്കുക. മണ്ണിന്റെ പത്തു ശതമാനം ജൈവവളവും ചേര്‍ക്കണം. ശേഷം ഇതിലേയ്ക്ക് തൈകള്‍ മാറ്റി നടുക. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്ത് താമരച്ചെടി വെയ്ക്കുക. പിന്നീട് താമരച്ചെടി വളര്‍ന്നു കൊള്ളും. അങ്ങിനെ നമ്മുടെ വീട്ടുമുറ്റത്തും ഒരുക്കാം മനോഹരമായ താമരക്കുളം.

Related Articles

Back to top button