KeralaLatest

2022 മേയ് മാസത്തോടെ ഒരു ലക്ഷം പട്ടയം നല്‍കും ; റവന്യു മന്ത്രി

“Manju”

2022 മേയ് മാസത്തോടെ ഒരു ലക്ഷം പട്ടയം നല്‍കുകയാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെങ്കില്‍ വ്യാപകമായി അനധികൃതമായി സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും കൈവശക്കാര്‍ക്ക് പട്ടയം കൊടുക്കുകയും ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കുകയും ചെയ്യുക എന്നതാണ് ഭൂപരിഷ്‌കരണനിയമത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കളക്ടര്‍മാരുമായുളള ഉന്നതതല യോഗത്തില്‍ ആദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടയം നല്‍കാനുളള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാവുന്നവയാണ്. 336 വില്ലേജ് ഓഫീസുകളാണ് നിലവില്‍ സ്മാര്‍ട്ടാക്കിയത്. മറ്റുളള വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കാന്‍ കഴിയണം. വരുന്ന രണ്ടു വര്‍ഷത്തിനുളളില്‍ എല്ലാ വില്ലേജ് ഓഫീസുകളേയും ഒരു പൊതു ഫോമിലാക്കണം. അവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടൂതല്‍ സുതാര്യമാകണം. ഐ എല്‍ ഡി എം നെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുന്ന കാര്യം പരിഗണനയിലാണ്. ഒക്ടോബര്‍ ഒന്നിന് കാള്‍ സെന്റര്‍ ആരംഭിക്കും. നവംബര്‍ ഒന്നോടുകൂടി റവന്യു വകുപ്പിന് ഒരു ജര്‍ണലും ആരംഭിക്കാന്‍ ആലോചനയുണ്ട്. റവന്യൂ ജീവനക്കാര്‍ക്ക് അവാര്‍ഡ് നല്‍കുക, റവന്യൂ കലോല്‍സവം നടത്തുക എന്നിങ്ങനെയുളള കാര്യങ്ങളും പരിഗണനയിലാണ്.

അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയ്തിലക് സ്വാഗതമാശംസിച്ചു. 14 ജില്ലകളിലെ കളക്ടര്‍മാര്‍, ജോയിന്റ് കമ്മിഷണര്‍ ലാന്‍ഡ് റവന്യൂകമ്മിഷണറേറ്റ്, സെക്രട്ടറി ലാന്‍ഡ് ബോര്‍ഡ്, സര്‍വേ ഡയറക്ടര്‍, കമ്മിഷണര്‍ ഡി.എം., ഡയറക്ടര്‍ ഐ എല്‍ ഡി എം.,ഡയറക്ടര്‍ സര്‍വേ ആന്റ്‌ലാന്‍ഡ് , കമ്മിഷണര്‍ സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ ബിജു കൃതജ്ഞത പറഞ്ഞു.

Related Articles

Back to top button