KeralaLatest

ചെങ്കോട്ട-പുനലൂര്‍-കൊല്ലം റൂട്ടില്‍ കൂടുതല്‍ കോച്ചുകളുള്ള ട്രെയിൻ സര്‍വീസ് ഉടൻ

“Manju”

കൊല്ലം: ചെന്നൈ-കൊല്ലം റെയില്‍വേ ട്രാക്കിലെ ചെങ്കോട്ട-പുനലൂര്‍-കൊല്ലം റൂട്ടില്‍ കൂടുതല്‍ കോച്ചുകളുള്ള ട്രെയിൻ സര്‍വീസിന് ഉടൻ അനുമതി നല്‍കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. നിലവിലുള്ള കോച്ചുകളെക്കാള്‍ അധിക കോച്ചുകളുള്ള ട്രെയിനുകളാണ് ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്‍ അധികൃതരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. റിസര്‍ച്ച്‌ ഡിസൈൻ ആൻഡ് സ്റ്റാൻഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ ലക്നൗവിലുള്ള ഉദ്യോഗസ്ഥരാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചെങ്കോട്ട-പുനലൂര്‍-കൊല്ലം റൂട്ടില്‍ 14 കോച്ചുകള്‍ ഉള്ള ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍, 23 കോച്ചുകള്‍ ഉള്ള ട്രെയിൻ ഉപയോഗിച്ചാണ് ട്രയല്‍ റണ്‍ നടത്തിയിരിക്കുന്നത്. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അനുവദിച്ചിരുന്ന 30 കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണ ഘട്ടം നടത്തുന്നത്. മുഴുവൻ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ റെയില്‍വേ ഈ റൂട്ടിലേക്ക് കോച്ചുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനുമതി നല്‍കുക.

Related Articles

Back to top button