KeralaLatest

കോവിഡ്; കൂടുതൽ ഇളവുകൾ

“Manju”

കോവിഡ്‌ കാലത്തെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സംസ്‌ഥാനം. ഈ മാസം 25 മുതല്‍ നിബന്ധനകളോടെ സിനിമാ തിയറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ്‌ അവലോകന യോഗം തീരുമാനിച്ചു. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. രണ്ടു ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. ജീവനക്കാരും രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തിരിക്കണം. എസി പ്രവര്‍ത്തിപ്പിക്കാം.
സംസ്‌ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഇന്നു തുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌. 18 മുതല്‍ കോളജുകളിലെ എല്ലാ വര്‍ഷ ക്ലാസുകളും മറ്റു പരിശീലന സ്‌ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും രണ്ടു ഡോസ്‌ വാക്‌സിനെടുക്കണം. സംസ്‌ഥാനത്തു വിവിധ സ്‌ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന്‌ കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല. എന്നാല്‍, രണ്ട്‌ ഡോസ്‌ വാക്‌സിനേഷന്‍ വേണം. മറ്റു സ്‌കൂളുകള്‍ക്കൊപ്പം പ്രീമെട്രിക്‌ ഹോസ്‌റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ നവംബര്‍ ഒന്നിനു തുറക്കും.
വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 50 പേര്‍ക്കുവരെ പങ്കെടുക്കാം. 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച്‌ നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും. സി.എഫ്‌.എല്‍.ടി.സി, സി.എസ്‌.എല്‍.ടി.സികളായി പ്രവര്‍ത്തിക്കുന്ന കോളജുകള്‍, കോളജ്‌ ഹോസ്‌റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം. കോവിഡ്‌ ഡ്യൂട്ടിക്ക്‌ വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്ബോള്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പകരം സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്താം.
കുട്ടികള്‍ക്ക്‌ സാധാരണ വരുന്ന അസുഖങ്ങളും കോവിഡ്‌ ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്‌ടര്‍മാരുടെ നിരീക്ഷണം ശക്‌തിപ്പെടുത്തണമെന്നും ആവശ്യമായ കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സാഹചര്യങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ട്‌.കുട്ടികള്‍ക്കിടയില്‍ നടത്തിയ സീറോ പ്രിവലന്‍സ്‌ സര്‍വേ പൂര്‍ത്തിയായി. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന്‌ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button