KeralaLatest

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്‍ക്യുബേഷന്‍ സെന്ററുകള്‍

“Manju”

കോട്ടയം: നൂതനാശയങ്ങള്‍ യാഥാര്‍ഥ്യമാക്കാനും വൈജ്ഞാനികതലത്തിലേക്ക് ഇവയെ ഉയര്‍ത്താനുമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആര്‍. ബിന്ദു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ പുതിയ കെട്ടിടത്തിന്റെയും കോട്ടയം ഗവണ്‍മെന്റ് കോളജിലെ ഗവേഷണ ബ്ലോക്കിന്റേയും പരീക്ഷ ഹാളിന്റെയും വിവിധ പദ്ധതികളുടേയും ഉദ്ഘാടനം നാട്ടകത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിതുറക്കും. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് സജ്ജമാക്കുകയാണ് സര്‍ക്കാര്‍. ബുദ്ധിപരമായി മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളിലേക്കടക്കം പഠനത്തിനു പോകുന്ന ‘ബ്രെയിന്‍ ഡ്രയിന്‍’ സമസ്യയെ ഇതിലൂടെ മറികടക്കാം. അവരെ ഇവിടെത്തന്നെ നിലനിര്‍ത്തുന്ന ‘ബ്രെയിന്‍ ഗെയിനി’ലേക്കുള്ള മാറ്റം സംജാതമാകും. ഏണ്‍ വൈല്‍ യു ലേണ്‍ പദ്ധതിപ്രകാരം പഠിക്കുന്ന കാലത്തുതന്നെ സമ്പാദിക്കാനുള്ള ശീലവും വിദ്യാര്‍ഥികളില്‍ വളര്‍ത്തണം.

പ്രായോഗിക പ്രവര്‍ത്തന അനുഭവങ്ങളെ ചിട്ടപ്പെടുത്താനും ഉല്‍പ്പാദന മേഖലയില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ ശേഷി ശക്തമാക്കാനും നൂതന വിദ്യാഭ്യാസ രീതികളിലൂടെ സാധിക്കണം. ഉന്നത വിദ്യാഭ്യാസത്തിന്റെ സമൂല മാറ്റത്തിനായി മൂന്നു പ്രധാന കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ട്. അധ്യയനരീതി പരിഷ്‌കരണത്തിനും പുതുതലമുറ കോഴ്സുകള്‍ നിര്‍ദ്ദേശിക്കുന്നതിനുമുള്ള ഉപദേശങ്ങള്‍ നല്‍കുന്നതിന് ഉന്നതവിദ്യാഭ്യാസ കമ്മീഷനെയും കാലഹരണപ്പെട്ട പരീക്ഷാരീതികള്‍ പരിഷ്‌കരിക്കുന്നതിനായി പരീക്ഷാ പരിഷ്‌കരണ കമ്മീഷനെയും ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ നിയമപരിഷ്‌കാര കമ്മീഷനെയും ചുമതലപ്പെടുത്തി. മൂന്നു റിപ്പോര്‍ട്ടുകളും ലഭിക്കുന്നതോടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിവര്‍ത്തനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം ഗവണ്‍മെന്റ് കോളജിനു സമീപം 1.85 കോടി രൂപ ചെലവില്‍ 7300 ചതുരശ്രയടിയില്‍ ഇരുനിലകളിലായാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ കെട്ടിടം നിര്‍മിച്ചത്. മുമ്പ് വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കോട്ടയം ഗവണ്‍മെന്റ് കോളജില്‍ 3.88 കോടി രൂപയുടെ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

Related Articles

Back to top button