IndiaLatest

മുന്നൂറുകോടിയിലേറെ ജനങ്ങൾ നാഡീസംബന്ധമായ തകരാറുകളാൽ വലയുന്നു

“Manju”

ആ​ഗോളതലത്തിൽ മുന്നൂറുകോടിയിലേറെ ജനങ്ങൾ നാഡീസംബന്ധമായ തകരാറുകളാൽ വലയുന്നുവെന്ന് ലോകാരോ​ഗ്യസംഘടന. ലാൻസെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകൾ പ്രകാരം മൂന്നിലൊരാൾ എന്ന നിലയ്ക്ക് നാഡീരോ​ഗങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തിലുള്ളത്.

ചികിത്സ ലഭ്യമാകുന്നതിനുള്ള അന്തരം പ്രധാനപ്രശ്നമായി നിലകൊള്ളുന്നുവെന്നും പഠനത്തിലുണ്ട്. നാഡീസംബന്ധമായ തകരാറുകളാൽ മരിക്കുന്നവരിൽ എൺപതുശതമാനത്തിലേറെയും കുറഞ്ഞ വരുമാനം ഉള്ളതോ, ഇടത്തരം വരുമാനം ഉള്ളതോ ആയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മതിയായ ചികിത്സയും ​ഗുണനിലവാരവും രോ​ഗികളുടെ പുനരധിവാസവുമൊക്കെ ഉറപ്പാക്കാൻ അടിയന്തര ഇടപെടലുകൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ‍ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറഞ്ഞു.

നാഡീസംബന്ധമായ തകരാറുകൾ വ്യക്തികളേയും കുടുംബങ്ങളേയും സാമ്പത്തികമായും ഇല്ലായ്മ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1990 മുതലുള്ള കണക്കെടുത്താൽ നാഡീസംബന്ധമായ തകരാറുകൾ മൂലമുള്ള രോ​ഗങ്ങൾ, അകാലമരണം തുടങ്ങിയവ പതിനെട്ടു ശതമാനമായി വർധിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്.

ലോകാരോ​ഗ്യസംഘടനയുടെ 2021-ലെ കണക്കുകൾ പ്രകാരം ആരോ​ഗ്യപ്രശ്നങ്ങൾക്കു കാരണമായിട്ടുള്ള നാഡീസംബന്ധമായ തകരാറുകൾ താഴെ പറയുന്നവയാണ്.

• പക്ഷാഘാതം,
• നിയോനേറ്റൽ എൻസെഫലോപ്പതി
• മൈ​ഗ്രെയിൻ
• ഡിമെൻഷ്യ
• ഡയബറ്റിക് ന്യൂറോപ്പതി
• മെനിഞ്ചൈറ്റിസ്
• എപിലെപ്സി
• ഓട്ടിസം സ്പെക്ട്രം ഡിസോർഡർ
• നെർവസ് സിസ്റ്റം കാൻസേഴ്സ്

നാഡീസംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തിൽ പറയുന്നുണ്ട്. അതേസമയം മൈ​ഗ്രെയിൻ, ഡിമെൻഷ്യ തുടങ്ങിയവ കൂടുതലുള്ളത് സ്ത്രീകളിലുമാണ്. പ്രമേഹം മൂലം നാഡികൾ തകരാറിലാകുന്ന ഡയബറ്റിക് ന്യൂറോപ്പതി ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്.

കോവിഡിനു പിന്നാലെ നാഡീതകരാറുകൾ സംഭവിച്ചവരുടേയും ​ഗില്ലൻ ബാരെ സിൻഡ്രോം ഉണ്ടായവരുടേയും എണ്ണവും 23 ദശലക്ഷമായിട്ടുണ്ട്. രോ​ഗപ്രതിരോധം, രോ​ഗീപരിചരണം, ഈ വിഷയത്തിലുള്ള ​ഗവേഷണം തുടങ്ങിയവയാണ് പ്രതിവിധിയെന്നും പഠനത്തിൽ പറയുന്നുണ്ട്. ഉയർന്ന രക്തസമ്മർദം, വായുമലിനീകരണം, പുകവലി എന്നിവ നിയന്ത്രിക്കുന്നത് നാഡീസംബന്ധമായ തകരാറുകളുടെ സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണെന്നും അതിനായി കൂട്ടായി ശ്രമിക്കണമെന്നും ലോകാരോ​ഗ്യസംഘടന പറയുന്നുണ്ട്.

Related Articles

Back to top button