IndiaLatest

സന്തോഷ് ട്രോഫി; വാക്പോര്

“Manju”

തിരൂര്‍: സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടത്താന്‍ നഗരസഭ സൗകര്യം ഒരുക്കുമെന്നും തിരൂര്‍ സ്റ്റേഡിയം മറ്റൊരു ഏജന്‍സിക്കും കൈമാറാന്‍ ഭരണസമിതി തയാറല്ലെന്നും ചെയര്‍പേഴ്സന്‍ എ.പി. നസീമ, വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സലാം മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
യഥാര്‍ഥ വസ്തുതകള്‍ മറച്ച്‌ വെച്ച്‌ പൊതുജനങ്ങളെയും കായികപ്രേമികളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. മുനിസിപ്പല്‍ സ്റ്റേഡിയം സംബന്ധിച്ച്‌ നഗരസഭ ഒന്നും അറിയിച്ചില്ലെന്ന കായികമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. നഗരസഭക്ക് പോലും ഇടപെടാന്‍ പറ്റാത്ത തരത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിനെ പോലെയുള്ള മറ്റൊരു ഏജന്‍സിക്ക് സ്റ്റേഡിയം പൂര്‍ണമായി വിട്ടുനല്‍കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല.
സന്തോഷ് ട്രോഫി മത്സരം നടത്തുന്നതിന് പരിശോധനക്കെത്തിയ സംഘത്തോട് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറാണെന്ന് അറിയിച്ചതാണ്. പക്ഷേ, മത്സരം നടത്തുന്നത് സംബന്ധിച്ച ഒരു അറിയിപ്പും നഗരസഭക്ക് നല്‍കിയിട്ടില്ല.
സന്തോഷ് ട്രോഫി മത്സരം തിരൂരില്‍ നടത്താന്‍ തയാറായാല്‍ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കും. നഗരസഭയുടെ ഈ താല്‍പര്യം മറച്ചുവെച്ച്‌ പൊതുജനങ്ങളെയും കായികപ്രേമികളെയും തെറ്റിദ്ധരിപ്പിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
അതേസമയം, തിരൂര്‍ നഗരസഭ സ്റ്റേഡിയം കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നവീകരിക്കാമെന്ന കായികമന്ത്രി വി. അബ്ദുറഹ്മാെന്‍റ നിര്‍ദേശം സ്വീകരിക്കാത്ത നഗരസഭ ഭരണസമിതിയുടെ രാഷ്ട്രീയ പിടിവാശി കാരണമാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ തിരൂരിന് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് തിരൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ് ആരോപിച്ചു.
നഗരസഭ സ്റ്റേഡിയം കിഫ്ബി ഫണ്ടുപയോഗിച്ച്‌ നവീകരിക്കാമെന്നും സന്തോഷ് ട്രോഫി മത്സരത്തിെന്‍റ വേദികളിലൊന്നാക്കാമെന്നും മന്ത്രി വി. അബ്ദുറഹ്മാന്‍ നഗരസഭ അധികൃതരെ അറിയിച്ചിരുന്നു.എന്നാല്‍, നടപടികളൊന്നും സ്വീകരിക്കാതെ നഗരസഭ സ്വീകരിച്ച പിടിവാശി കാരണമാണ് വേദി നഷ്ടപ്പെട്ടതെന്നും അഡ്വ. എസ്. ഗിരീഷ് പറഞ്ഞു.

Related Articles

Back to top button