LatestThiruvananthapuram

സാങ്കേതിക സര്‍വകലാശാലക്ക് 457.6 കോടി രൂപയുടെ ബജറ്റ്

“Manju”

തിരുവനന്തപുരം : 377.3 കോടി രൂപ വരവും 457.6 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റിന് സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം അംഗീകാരം നല്‍കി. വൈസ് ചാന്‍സലര്‍ ഡോ എം എസ് രാജശ്രീയുടെ അധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് യോഗത്തില്‍ ധനകാര്യ സമിതി അധ്യക്ഷന്‍ ഡോ.പി.കെ.ബിജുവാണ് ബജറ്റ് അവതരിപ്പിച്ചത്.

കാട്ടാക്കട വിളപ്പില്‍ശാലയില്‍ സര്‍വകലാശാലയുടെ ആസ്ഥാന മന്ദിരത്തിനായി ആദ്യ ഘട്ടത്തില്‍ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാനും, വിവിധ സ്‌കൂളുകള്‍ ആരംഭിക്കുവാനുമായി 281 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സര്‍വകലാശാല വിദ്യാര്‍ത്ഥിക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കാനുള്ള പദ്ധതി, ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം, സംരംഭകത്വം എന്നിവക്കായി 10 കോടി രൂപ വീതവും അഫിലിയേറ്റഡ് കോളേജുകളിലെ സാങ്കേതിക സംവിധാനങ്ങളും ലാബുകളും ഉപയോഗിച്ച്‌ യുവജനങ്ങളുടെ നൈപുണ്യ ശേഷി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, നവീകരണ വ്യവസായ കൗണ്‍സില്‍, വിദ്യാര്‍ത്ഥികളുടെ ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് 5 കോടി രൂപ വീതവും ചിലവഴിക്കും.

എന്‍ജിനീയറിംഗ് കോളേജുകളില്‍ ഗവേഷണ വികസന പദ്ധതിയായ സെര്‍ഡ് (CERD) ന് 20 കോടിയും, പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശം, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് 9.5 കോടി രൂപയും, വിദ്യാര്‍ത്ഥിനികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 2 കോടിയും, മൂല്യനിര്‍ണയത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിന് 1 കോടിയും, സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 2 കോടിയും, ബിസിനസ്സ് ഇന്‍ക്യൂബേറ്ററുകള്‍ക്ക് 2.5 കോടിയും, ഉന്നത നിലവാരം പുലര്‍ത്തുന്ന കോളേജുകള്‍ക്കും, അധ്യാപര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

മദ്രാസ് ഐ.ഐ.ടി. യുടെ മാതൃകയില്‍ ഡിജിറ്റല്‍ ക്ലാസ്സുകള്‍ക്കുള്ള സംവിധാനം ഒരുക്കാന്‍ 1.9 കോടി, അഫിലിയേറ്റഡ് കോളേജുകളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താനുള്ള ക്വാളിറ്റി അഷുറന്‍സ് സെല്‍ സ്ഥാപിക്കുവാന്‍ 2.5 കോടി, വിദ്യാര്‍ഥിക്ഷേമ വകുപ്പിന് 1 കോടി, മികച്ച വ്യക്തിത്വങ്ങളെയും, സാങ്കേതിക വിദഗ്ധരെയും, നൊബേല്‍ ജേതാക്കളടക്കമുള്ള ശാസ്ത്രജ്ഞരെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ‘മീറ്റ് ദി സ്‌കോളര്‍’, എ.പി.ജെ പ്രഭാഷണ പരമ്പര എന്നിവക്ക് 1.1 കോടി, അധ്യാപക പരിശീലന കേന്ദ്രം, ഐ ടി സെല്‍ എന്നിവക്ക് 2 കോടി വീതവും, നാഷണല്‍ സര്‍വീസ് സ്‌കീമിന് 74 ലക്ഷം, ഇതര വിദ്യാര്‍ത്ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം എന്നിവയാണ് മറ്റ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍.

Related Articles

Back to top button