KeralaLatest

ധീരജവാന് ജന്മനാട് വിടനല്‍കി

“Manju”

കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീര സൈനികന്‍ വൈശാഖിന് ജന്മനാടിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കുടവെട്ടൂര്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നിരവധി പേരാണ് വൈശാഖിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.

കേണല്‍ മുരളശ്രീധരന്‍ സേനയെ പ്രതിനിധീകരിച്ച്‌ മൃതദേഹം ഏറ്റുവാങ്ങി. ഇദ്ദേഹത്തില്‍ നിന്നും വൈശാഖിന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകന്‍ മിഥുന്‍ ഭൗതിക ദേഹം ഏറ്റുവാങ്ങി. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ സൂക്ഷിച്ച ശേഷം ഇന്ന് രാവിലെയാണ് ജന്മനാടായ കൊല്ലത്തേയ്‌ക്ക് എത്തിച്ചത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലര്‍ച്ചെയാണ് വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ പൂഞ്ചില്‍ വീരമൃത്യുവരിച്ചത്. പൂഞ്ചിലെ സേവനം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാന്‍ എച്ച്‌ വൈശാഖ്. കുടവട്ടൂര്‍ വിശാഖത്തില്‍ ഹരികുമാര്‍ ബീന ദമ്പതികളുടെ മൂത്ത മകനാണ് അദ്ദേഹം. 24 കാരനായ വൈശാഖിന്റെ സ്വപ്നമായിരുന്ന വീട് യാഥാര്‍ത്ഥ്യമായത് 6 മാസങ്ങള്‍ക്ക് മുമ്പാണ്. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.

അഞ്ചു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്‍ഫെന്ററി റെജിമെന്റില്‍ വൈശാഖ് ജോലിയില്‍ പ്രവേശിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരന്‍ഖോട്ട് മേഖലയിലെ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതും.

Related Articles

Back to top button