Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതൽ സർവ്വീസുകൾ :  അദാനി ഗ്രൂപ്പ്

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതൽ സർവ്വീസുകൾ ഉറപ്പാക്കുമെന്ന് അദാനി ഗ്രൂപ്പ്. അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ ആഭ്യന്തര അന്താരാഷ്‌ട്ര സർവ്വീസുകൾ പരമാവധി വർദ്ധിപ്പിക്കും. വിമാന കമ്പനികളുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നു വരികയാണ്. യൂസേഴ്‌സ് ഫീയിൽ തീരുമാനം പിന്നീടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഇന്നലെ അർദ്ധരാത്രിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവുവാണ് കരാർ രേഖകൾ ഏറ്റുവാങ്ങിയത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജക നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും ചുമതലയും ഇനി അദാനി ഗ്രൂപ്പിനാണ്. 50 വർഷത്തേക്കാണ് കരാർ.

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് കൈമാറ്റം സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശം. എന്നാൽ വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.

കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി, എയർ ട്രാഫിക് മാനേജ്‌മെന്റ്, കമ്യൂണിക്കിഷേൻ നാവിഗേഷൻ സർവ്വൈലൻസ് തുടങ്ങിയ സേവനങ്ങളുടെ ചുമതല എയർപോർട്ട് അതോറിറ്റിയ്‌ക്കും വ്യോമയാന മന്ത്രാലയത്തിനും ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലാണ് അദാനി ഗ്രൂപ്പ് ഒപ്പുവെച്ചത്. അതേസമയം നടത്തിപ്പ്, പരിപാലനം, വികസനം, ഭൂമി എന്നിവയുടെ ചുമതല അദാനിക്കാണ്.

വിമാനത്താവളം നടത്തിപ്പ് അദാനിയ്‌ക്ക് കൈമാറിയതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പ് തുടരുകയാണ്. ഇതിനിടെ വിമാനത്താവളം ഏറ്റെടുത്തത് സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. തിരുവനന്തപുരത്തിന് പുറമേ ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാറും അദാനി ഗ്രൂപ്പിനാണ്.

Related Articles

Back to top button