Kerala

‘ഞാൻ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തത്, കിട്ടിത് സസ്‌പെൻഷൻ’: ജയദീപ്

“Manju”

കോട്ടയം: പൂഞ്ഞാർ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ അകപ്പെട്ടിരുന്നു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകൾക്കകം സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു സസ്‌പെൻഷൻ. ഇതിന് പിന്നാലെ ഇന്നലെ സംഭവിച്ച വിവരം വിശദീകരിച്ച് എത്തിയിരിക്കുകയാണ് ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെന്ന ജയനാശാൻ.

താൻ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തതെന്ന് ജയദീപ് സെബാസ്റ്റ്യൻ പറയുന്നു. ഇന്നലത്തെ സംഭവം തന്നിഷ്ടപ്രകാരം ചെയ്ത പ്രവൃത്തിയല്ല. കണ്ടക്ടറോടും യാത്രക്കാരോടും ചോദിച്ചിട്ടാണ് വണ്ടി മുന്നിലേക്ക് ഓടിച്ചത്. യാത്രക്കാരെ ധീരതയോടെ രക്ഷിച്ച തനിക്ക് കിട്ടയ സമ്മാനം സസ്‌പെൻഷനാണ്. വളരെ വേദനാജനകമായിപ്പോയി. ഇതാണ് തൊഴിലാളികളോട് കെഎസ്ആർടിസി പെരുമാറുന്നരീതിയെന്ന് ജയദീപ് സെബാസ്റ്റ്യൻ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ജയദീപിന്റെ വാക്കുകൾ ഇങ്ങനെ ‘ഇന്നലെ ഞാൻ പൂഞ്ഞാറിൽ നിന്നും ഈരാറ്റുപേട്ടയ്‌ക്ക് വരികയായിരുന്നു. അപ്പോൾ പൂഞ്ഞാർ പള്ളിയുടെ തൊട്ട് മുന്നിൽത്തെ ബസ് സ്റ്റോപ്പിൽ ആളെ ഇറക്കി ആളെ കയറ്റുമ്പോൾ എന്റെ വണ്ടിയുടെ മുന്നിലൂടെ ചെറിയ വണ്ടികൾ പോകുന്നുണ്ടായിരുന്നു. പാദം മൂടിയുള്ള വെള്ളമെ വഴിയിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് യാത്രക്കാരോടും കണ്ടക്ടറോടും ഞാൻ ചോദിച്ചു, എന്താണ് ചെയ്യേണ്ടതെന്ന്. അവർ അപ്പോൾ പറഞ്ഞു. ധൈര്യമായി വണ്ടിയെടുത്തുകൊള്ളാൻ. അങ്ങനെ എല്ലാവരുടേയും സമ്മതത്തോടെയാണ് ഞാൻ വണ്ടിയെടുത്തത്. അന്നേരം എതിരെ വാഹനം വരുന്നുണ്ടായിരുന്നു.

പള്ളിയെടുക്കാറായപ്പോൾ ഒരു നിറച്ച ബലൂൺ താഴെ വീണ് പൊട്ടുന്ന പോലെ പെട്ടന്ന് വെള്ളം വന്ന് വണ്ടിയിലേക്ക് നിറഞ്ഞു. വണ്ടിയുടെ എൻഞ്ചിൻ നിന്നു പോയി. അപ്പോൾ ഞാൻ ആളുകളോട് പറഞ്ഞു നിങ്ങൾ ഭയക്കണ്ട, ഞാൻ പള്ളിമുറ്റത്ത് അടുപ്പിച്ച് തരാമെന്ന്. തുടർന്ന് പള്ളിയുടെ മതിലിനോട് ചേർത്ത് അടുപ്പിച്ചു. ഉടൻ തന്നെ നാട്ടുകാർ വന്ന് ആളുകളെ രക്ഷപെടുത്തുകയായിരുന്നു. നാട്ടുകാർ വന്ന് കയറ് വലിച്ച് ബസ് തീരത്ത് കയറ്റി.

രക്ഷാപ്രവർത്തനം നടക്കുമ്പോൾ ഞാൻ വണ്ടിയുടെ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. തുടർന്ന് ഡിപ്പോയിൽ വിവരം അറിയിച്ചു. ഡിപ്പോയിൽ നിന്നും ആൾ വന്ന് എന്റെ വണ്ടി കെട്ടിവലിച്ചുകൊണ്ട് പോയി. അപ്പോഴും ഞാനാണ് വണ്ടി ഓടിക്കുന്നത്. ഞാൻ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തത്. എന്നിട്ടും എനിക്ക് കിട്ടയ സമ്മാനം സസ്‌പെൻഷനാണ്. വളരെ വേദനാജനകമായിപ്പോയി. ഇതാണ് കെഎസ്ആർടിസി തൊഴിലാളികളോട് കെഎസ്ആർടിസി പെരുമാറുന്ന അവസ്ഥ’ ജയദീപ് സെബാസ്റ്റ്യൻ പറഞ്ഞു.

Related Articles

Back to top button