KeralaLatest

കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കി വിദ്യാഭ്യാസ വകുപ്പ്

“Manju”

മലപ്പുറം: കോവിഡ് വെല്ലുവിളികളെ അതിജീവിച്ച്‌ കേരള പിറവി ദിനത്തില്‍ പൊതു വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 17 വിദ്യാഭ്യാസ ഉപജില്ലകളിലും ആദ്യഘട്ട പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രത്യേകം നിയോഗിച്ച ഉദ്യോഗസ്ഥ സംഘങ്ങള്‍ ജില്ലയിലെ മുഴുവന്‍ പൊതു മേഖലാ വിദ്യാലയങ്ങളിലും നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. കുസുമം അറിയിച്ചു.

ഓരോ വിദ്യാലയങ്ങളിലേയും വിദ്യാര്‍ഥികളുടെ എണ്ണം, നവംബര്‍ ഒന്നിന് വിദ്യാലയങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍, കെട്ടിടങ്ങളുടെ സുരക്ഷ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍, പരിസര ശുചീകരണം, അണു നശീകരണത്തിനു സ്വീകരിച്ച സംവിധാനങ്ങള്‍, കോവിഡ് വാക്സിന്‍ സ്വീകരിച്ച അധ്യാപക-അനധ്യാപകരുടെ വിവരങ്ങള്‍, സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത, സ്വന്തം വാഹനങ്ങളില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ യാത്രാ സംവിധാനങ്ങളുടെ ക്രമീകരണങ്ങള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണം, ജനകീയ യോഗങ്ങള്‍, പി.ടി.എ കമ്മറ്റിയുടെ രൂപീകരണവും പ്രവര്‍ത്തനക്ഷമതയും തുടങ്ങിയ വിവരങ്ങളാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശേഖരിക്കുന്നത്.

ഇത് പരിശോധിച്ച ശേഷം മുഴുവന്‍ വിദ്യാലയങ്ങളിലും കുട്ടികളുടെ ആരോഗ്യ സുരക്ഷയും മികവാര്‍ന്ന വിദ്യാഭ്യാസവും ഉറപ്പു വരുത്താനുള്ള നടപടികള്‍ കാര്യക്ഷമമാക്കും.വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയ്ക്ക് സമാന്തരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധന നടത്തുന്നുണ്ട്. ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളും തയ്യാറാക്കുന്ന പരിശോധനാ റിപ്പോര്‍ട്ടുകള്‍ ജില്ലാകളക്ടര്‍ക്ക് കൈമാറിയ ശേഷം സര്‍ക്കാറിനു സമര്‍പ്പിക്കും. പൊലീസിന്റെ നേതൃത്വത്തിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു മുന്നോടിയായി സജീവ ഇടപെടലാണ് ജില്ലയില്‍ നടത്തുന്നത്.

Related Articles

Back to top button