IndiaLatest

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം,കശ്മീര്‍ കനത്ത സുരക്ഷാവലയത്തില്‍

“Manju”

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി സംശയാസ്പദ സാഹചര്യത്തിലുള്ളവരും പ്രശ്‌നക്കാരുമായ 700 ഓളം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പൊതുസുരക്ഷാ നിയമ (പിഎസ്‌എ) പ്രകാരം അറസ്റ്റ് ചെയ്തവരെ ജയിലിലേക്ക് മാറ്റി. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് അമിത് ഷാ കശ്മീരിലുണ്ടാകുക. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019 ആഗസ്റ്റിന് ശേഷം ആദ്യമായിട്ടാണ് അമിത് ഷാ കശ്മീരിലെത്തുന്നത്. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാണ്. അടുത്തിടെ ഇതരസംസ്ഥാനക്കാര്‍ക്ക് നേരെ കശ്മീരില്‍ ആക്രമണം നടന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം.

ശ്രീനഗറില്‍ ശനിയാഴ്ചനടക്കുന്ന സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ജമ്മുവില്‍ ഞായറാഴ്ചത്തെ പൊതു പരിപാടിയിലും പങ്കെടുക്കും. കടുത്ത ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ് പോലീസ്. കടകളില്‍ പരിശോധന നടത്തുന്ന പോലീസ് സാധനങ്ങള്‍ വാങ്ങനെത്തിയവരെയും പരിശോധിക്കുന്നുണ്ട്.

തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയത്തിലുള്ളവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ശ്രീനഗറിന് പുറത്തുള്ള ജയിലുകളിലേക്ക് മാറ്റി. ഈ മാസം കശ്മീരില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണം ശക്തമായിട്ടുണ്ട്. 11 പേരാണ് എഇതുവരെ കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗം പേരും ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തോയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തുമാറ്റിയത്. ശേഷം സംസ്ഥാന പദവി റദ്ദാക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button