KeralaLatestThiruvananthapuram

ആരോഗ്യ മേഖലയില്‍ മികച്ച പ്രകടനം; മാതൃകയായി കേരളം

“Manju”

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ മെച്ചപ്പെട്ട പ്രകടനത്തില്‍ രാജ്യത്തിന് വീണ്ടും മാതൃകയായി മാറുകയാണ് കേരളം. സമൂഹത്തിലെ പൊതു ആരോഗ്യസ്ഥിതിയെ നിര്‍ണയിക്കുന്നതിനുള്ള പ്രധാനപ്പെട്ട അളവുകോലുകളില്‍ ഒന്നായി ശിശുമരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന സംസ്ഥാനമായി കേരളം.

കഴിഞ്ഞദിവസം പുറത്തുവന്ന എസ് ആര്‍ എസ് കണക്ക് പ്രകാരം കേരളത്തിന്റെ ശിശുമരണനിരക്ക് വികസിത രാജ്യമായ അമേരിക്കയ്ക്കൊപ്പമാണ്.1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ എത്ര കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ശിശുമരണനിരക്ക് നിര്‍ണയിക്കുന്നത്.
കേരളത്തില്‍ 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ വര്‍ഷത്തില്‍ 6 ശിശുമരണം മാത്രമാണ് നടക്കുന്നത്.

അതേസമയം, രാജ്യത്തെ ഏറ്റവും മോശപ്പെട്ട സംസ്ഥാനം മധ്യപ്രദേശാണ്. യമന്‍, സുഡാന്‍ പോലുള്ള രാജ്യങ്ങള്‍ക്ക് പിന്നിലാണ് മധ്യപ്രദേശിലെ ശിശു മരണ നിരക്ക്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആരോഗ്യ മേഖല മെച്ചപ്പെട്ടുവെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്ന ഉത്തര്‍പ്രദേശ് ശിശുമരണ നിരക്കില്‍ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്.
വര്‍ഷത്തില്‍ 41 കുഞ്ഞുങ്ങള്‍ ആണ് ഉത്തര്‍പ്രദേശില്‍ യില്‍ മരിക്കുന്നത്. എസ് ആര്‍ എസ്‌ സര്‍വ്വേയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച അവസാന മൂന്ന് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

ഇന്ത്യയിലെ ദേശീയ ശരാശരി പാകിസ്ഥാനെ അപേക്ഷിച്ച്‌ ഭേദമാണെങ്കിലും അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ്. എന്നാല്‍ ഇന്ത്യയുടെ ശിശുമരണനിരക്കും 50ല്‍ നിന്ന് 30 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയില്‍ 50 കുഞ്ഞുങ്ങള്‍ മരിച്ചിടത്താണ് ഇപ്പോള്‍ 30 ആയി കുറഞ്ഞിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ശിശു മരണ നിരക്ക് പന്ത്രണ്ടില്‍ നിന്ന് ആറായി കുറഞ്ഞു . സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം കൂടിയാണ് എസ് ആര്‍ എസ്‌ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

Related Articles

Back to top button