KeralaLatestThiruvananthapuram

റോഡുകളിലെ കുഴികള്‍ നികത്താന്‍ നിര്‍ദേശം

“Manju”

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എം.എല്‍.എമാരായ ജി.സ്റ്റീഫന്‍, ഡി.കെ മുരളി, മന്ത്രി ജി.ആര്‍ അനിലിന്റെ പ്രതിനിധി എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ പൊന്‍മുടി ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനസ്ഥാപിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ജനവാസമേഖലകളില്‍ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് സോളാര്‍ ഫെന്‍സിംഗ് നിര്‍മാണം വനംവകുപ്പ് ത്വരിതഗതിയിലാക്കണമെന്ന് ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍ദേശിച്ചു.

പാങ്ങോട്, പെരിങ്ങമല ഭാഗങ്ങളില്‍ കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഡി.കെ മുരളി എം.എല്‍.എ ആവശ്യപ്പെട്ടു. വെയ്‌ലൂര്‍ വില്ലേജില്‍ യു.ഐ.ടി സ്ഥാപിക്കുന്നതിനും ലൈഫ്മിഷന് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുമായി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് വി.ശശി എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു. കല്ലമ്പലം ജംഗഷ്‌നില്‍ അപകടം വര്‍ധിക്കുന്നതിനാല്‍ ട്രാഫിക് സിഗ്നല്‍ സാധ്യമെങ്കില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആറ്റിങ്ങല്‍ ദേശീയപാതയിലെ മാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഒ.എസ് അംബിക എം.എല്‍.എ ആവശ്യപ്പെട്ടു.

Related Articles

Back to top button