മാതൃകയായി ഒരു വിവാഹം
ഇരിക്കൂര്‍: മുഹമ്മദ് ഇര്‍ഷാദും ഫഹീമയും എല്ലാവര്ക്കും അനുകരിക്കാവുന്ന മാതൃകയൊരുക്കിയാണ് ജീവിതത്തിലേക്ക് കൈകോര്‍ത്തുപിടിക്കുന്നത്.
മലപ്പുറം കോട്ടക്കലിലെ ഫര്‍ണിച്ചര്‍ വ്യാപാരിയാണ് മുഹമ്മദ് ഇര്‍ഷാദ്. ആയിപ്പുഴയിലെ ചേക്കിന്റകത്ത് ഹൗസില്‍ ബഷീര്‍- റഹീമ ദമ്ബതികളുടെ മകളായ ഫഹീമ ബംഗളൂരു അസീം പ്രേംജി (വിപ്രോ) യൂനിവേഴ്സിറ്റില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. ലളിതമായ വിവാഹമെന്ന ഇവരുടെ മാതൃകാപരമായ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പിന്തുണ നല്‍കിയതോടെ വേറിട്ട കല്യാണമാകുകയായിരുന്നു.
ഫഹീമ ആര്‍ഭാടരഹിതമായ കല്യാണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇര്‍ഷാദ് സമ്മതിച്ചു. മഹറായി സ്വര്‍ണത്തിന് പകരം അതിെന്റ തുക പണമായി തരണമെന്ന് കൂടി ഫഹീമ ആവശ്യപ്പെട്ടു. ഈ പണവും തുകയും വിവാഹ വസ്ത്രങ്ങള്‍ക്ക് വേണ്ടിവരുന്ന വലിയ തുകയും ചേര്‍ത്ത് നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനച്ചെലവിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
ഫഹീമ കല്യാണദിവസം അണിഞ്ഞ വസ്ത്രം അവര്‍തന്നെ സ്വയം തയ്ച്ചെടുത്തതായിരുന്നു. പരേതനായ കൊടിയേങ്ങല്‍ അലവിക്കുട്ടി ഹാജിയുടെയും അടാട്ടില്‍ ഇയ്യാത്തുട്ടിയുടെയും മൂന്നാമത്തെ മകനും കോട്ടക്കലിലെ ഇന്‍ഡ്രോ ഫര്‍ണിച്ചര്‍ ഉടമയുമാണ് ഇര്‍ഷാദ്. മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിതം തുടങ്ങാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും.