KeralaLatest

രാജസ്ഥാനിലും ഹിമാചലിലും കോണ്‍ഗ്രസിന്റെ മുന്നേറ്റം

“Manju”

ദില്ലി: 29 ഇടത്തേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കി ഹിമാചലും രാജസ്ഥാനും. ഹിമാചലില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മുന്നേറുന്നുണ്ട്.
ഒരു സീറ്റില്‍ ബിജെപിയാണ് ലീഡ്‌ചെയ്യുന്നത്. രാജസ്ഥാനിലെ ധാരിയാവാദിലും വല്ലഭ്‌നഗറിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നേറ്റുന്നത്. നാഗരാജ് മീണ, പ്രീതി ഷെഖാവത്ത് എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. മീണ 7528 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വല്ലഭ്‌നഗറില്‍ പ്രീതി ഷെഖാവത്ത് 4037 വോട്ടിനാണ് മുന്നില്‍. രണ്ടിടത്തും കോണ്‍ഗ്രസ് വിജയിക്കുമെന്ന സൂചനയാണ് ഉള്ളത്. എന്നാല്‍ ബാക്കി ഉള്ള സ്ഥലത്തൊന്നും കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
കര്‍ണാടകത്തില്‍ സിന്ദ്ഗിയില്‍ ബിജെപി വന്‍ ലീഡാണ് നേടിയിരിക്കുന്നത്. രാമേഷ് ഭുസാനൂര്‍ 15950 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ഹംഗലില്‍ കോണ്‍ഗ്രസാണ് മുന്നില്‍. 1498 വോട്ടിനാണ് മുന്നിലുള്ളത്. അതേസമയം ജെഡിഎസ്സിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എലനാബാദില്‍ അഭയ് ചൗത്താല തന്നെയാണ് മുന്നില്‍. 6031 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. തെലങ്കാനയിലെ ഹസുരാബാദില്‍ കട്ടയ്ക്ക് പോരാട്ടമാണ് നടക്കുന്നത്. ബിജെപിയുടെ എടേല രാജേന്ദര്‍ 358 വോട്ടിന് മുന്നില്‍ നില്‍ക്കുകയാണ്. ടിആര്‍എസ്സിന്റെ കോട്ടയാണ് ഹസുരാബാദ്. ഉപതിഞ്ഞെടുപ്പ് രാജേന്ദറും കെസിആറും തമ്മിലുള്ള പോരാട്ടമായിട്ടാണ് കാണുന്നത്.
ബംഗാളില്‍ തൃണമൂലിന്റെ തേരോട്ടം പ്രകടമായിരുന്നു. ഖര്‍ദ, ശാന്തിപൂര്‍, ഗോസാബ, ദിന്‍ഹട്ട എന്നീ നാല് മണ്ഡലങ്ങളിലും വന്‍ ലീഡാണ് ടിഎംസി നേടിയിരിക്കുന്നത്. ദിന്‍ഹട്ടയില്‍ അടക്കം തൃണമൂല്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. ദിന്‍ഹട്ടയില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടിനാണ് ഉദയന്‍ ഗുഹ മുന്നില്‍ നില്‍ക്കുന്നത്. മധ്യപ്രദേശിലെ കാന്‍ഡ്വയില്‍ 14365 വോട്ടിന് ബിജെപിയുടെ ജ്ഞാനേശ്വര്‍ പാട്ടീല്‍ മുന്നിലാണ്. ഇവിടെ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹിമാചലിലെ മാണ്ഡി പാര്‍ലമെന്റ് സീറ്റിലും മൂന്ന് നിയമസഭാ സീറ്റിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഫത്തേപൂര്‍, അര്‍കി, ജുബ്ബായ്-കോത്‌കെയ് ണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നിലാണ്.
അസമിലെ അഞ്ച് സീറ്റിലും എന്‍ഡിഎയാണ് മുന്നില്‍. ഭവാനിപൂര്‍, മരിയാനി, തൗറ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ യുപിപിഎല്ലിന്റെ സ്ഥാനാര്‍ത്ഥികള്‍ ഗോസായ്ഗാവിലും തമൂല്‍പൂരിലും മുന്നിലാണ്. അതേസമയം കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ബീഹാറിലെ കുശേശ്വര്‍ അസ്താനില്‍ ആര്‍ജെഡിയാണ് മുന്നില്‍. കോണ്‍ഗ്രസ് ഇത്തവണ ആര്‍ജെഡി സഖ്യത്തില്‍ നിന്ന് വിട്ടാണ് മത്സരിക്കുന്നത്. താരാപൂരില്‍ ജെഡിയുവിനാണ് ലീഡ്. ദാദ്ര-നാഗര്‍ ഹവേലിയില്‍ ശിവസേനയാണ് മുന്നില്‍. ആത്മഹത്യ ചെയ്ത എംപി മോഹന്‍ ദേല്‍ക്കറുടെ ഭാര്യ കാലാബെന്‍ ദേല്‍ക്കറാണ് ഇവിടെ സ്ഥാനാര്‍ത്ഥി. നാലായിരം വോട്ടിനാണ് മുന്നിലുള്ളത്.

Related Articles

Back to top button