KeralaLatest

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവത്തിനു കൊടിയേറി

“Manju”

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ചൊവ്വാഴ്ച രാവിലെ കൊടിയേറ്റോടുകൂടി ആരംഭിച്ചു. 10-ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും. 11-ന് വൈകീട്ട് ശംഖുംമുഖത്തേക്കുള്ള ആറാട്ടെഴുന്നള്ളത്തിനും ആറാട്ടിനും ശേഷം ഉത്സവത്തിനു കൊടിയിറങ്ങും.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നഗരത്തിലെ അരകത്ത് ദേവീക്ഷേത്രം, വടുവൊത്ത് മഹാദേവക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങൾ ശ്രീപദ്മനാഭനുമായി കൂടിയാറാട്ടിന് എഴുന്നള്ളിക്കും.
രാവിലെ 8.45-ന് ശ്രീകോവിലിനുള്ളിലെ ആവാഹനം കഴിഞ്ഞ് തന്ത്രിക്കു പിന്നാലെ പെരിയനമ്പി കൊടിക്കൂറയും കൊടിക്കയറും കിഴക്കേനടയ്ക്കു പുറത്ത് കൊടിമരച്ചുവട്ടിൽ എഴുന്നള്ളിച്ചു.

പുണ്യാഹവും നാന്ദീമുഖം ദക്ഷിണയും കഴിഞ്ഞ് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്‌ നടന്നു. ചടങ്ങിന് പോറ്റിമാരായ നെയ്തശ്ശേരി മനോജ്, കൊല്ലൂർ അത്തിയറ മഠം രാമരൂ,വഞ്ചിയൂർ അത്തിയറമഠം കൃഷ്ണരൂ, കൂപക്കരമഠം സജ്ജയ്കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
തുടർന്ന് തിരുവാമ്പാടിയിലും കൊടിയേറ്റി. ഗരുഡരൂപം ആലേഖനംചെയ്ത കൊടിക്കൂറകളാണ് ഉയർത്തിയത്. തുടർന്ന് മുളപൂജയ്ക്കുള്ള മണ്ണുനീർ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽനിന്ന്‌ എഴുന്നള്ളിച്ചു.
കൊടിയേറ്റത്തിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന്‌ നേരത്തേ എത്തിച്ചിരുന്നു.

Related Articles

Back to top button