IndiaLatest

അയോദ്ധ്യയുടെ ഷെരീഫ് ചാച്ച പത്മശ്രീ ഏറ്റുവാങ്ങി

“Manju”

ഡല്‍ഹി ;രാജ്യത്തിന് അഭിമാനമായ പ്രതിഭകളെ പത്മ ബഹുമതികള്‍ നല്‍കി ആദരിച്ചിരുന്നു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാംനാഥ് കോവിന്ദാണ് ബഹുമതികള്‍ വിതരണം ചെയ്തത്. ഇത്തവണ 119 പേര്‍ക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഇതില്‍ 7 പത്മ വിഭൂഷണും, 10 പത്മ ഭൂഷണും, 106 പത്മശ്രീയുമാണുള്ളത്. ഇതില്‍ 29 പേര്‍ വനിതകളാണ്. 16 പേര്‍ക്ക് മരണാനന്തര ബഹുമതിനല്‍കി. ഒരു ഭിന്നലിംഗ വ്യക്തിക്കും ഇത്തവണ പത്മ ബഹുമതി ലഭിച്ചിട്ടുണ്ട്. ഈ പത്മ പുരസ്താകാര നിറവില്‍ ശ്രദ്ധനേടിയ ഒരു വ്യക്തിത്വമാണ് മുഹമ്മദ് ഷെരീഫ് എന്നയാളുടേത്.

അയോദ്ധ്യക്കാരുടെ സ്വന്തം ഷെരീഫ് ചാച്ചയെ കുറിച്ച്‌ അയോദ്ധ്യയില്‍ 25,000ത്തോളം അജ്ഞാത മൃതദേഹങ്ങള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത വ്യക്തിയാണ് മുഹമ്മദ് ഷെരീഫ്. സൈക്കിള്‍ മെക്കാനിക്കായ അദ്ദേഹം ഷെരീഫ് ചാച്ച എന്ന പേരിലാണ് പ്രശസ്തനായത്. അമിര്‍ ഖാന്‍ അവതാരകനായെത്തുന്ന ടിവി ഷോയില്‍ പങ്കെടുത്തതോടെയാണ് അദ്ദേഹത്തെ കുറിച്ച്‌ പുറംലോകം അറിയുന്നത്. തന്റെ മകന്റെ മരണത്തോടെയാണ് ഷെരീഫ് ചാച്ച സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്.

1992ല്‍ സുല്‍ത്താന്‍പൂരിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അദ്ദേഹത്തിന്റെ മകന്‍ റായിസ് കൊല്ലപ്പെടുന്നത്. റെയില്‍വേ ട്രാക്കിന് സമീപം തിരിച്ചറിയാതെ കിടന്നിരുന്ന മൃതദേഹം നായ്‌ക്കള്‍ കടിച്ച്‌ കീറി വികൃതമാക്കിയിരുന്നു. കെമിസ്റ്റ് ആയി ജോലി ചെയ്തിരുന്ന റായിസ് തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്‌ക്കിടെയാണ് കൊല്ലപ്പെടുന്നത്. മകന്റെ സാഹചര്യം മറ്റൊരാള്‍ക്കും വരരുതെന്ന ചിന്തയിലാണ് അദ്ദേഹം ഈ ജോലിയിലേക്ക് ഇറങ്ങുന്നത്.

ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും മൃതദേഹം മാത്രമല്ല ഷെരീഫ് ചാച്ച സംസ്‌കരിച്ചിട്ടുള്ളത്. മറിച്ച്‌ സിഖ്, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരുടേയും അന്ത്യകര്‍മ്മങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. തിരിച്ചറിയാത്തതോ, ആളുകള്‍ അന്വേഷിച്ച്‌ വരാത്തതോ ആയ മൃതദേഹങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ ഷെരീഫ് ചാച്ച യാതൊരു മടിയും കൂടാതെയാണ് ചെയ്ത് വന്നിരുന്നത്. 25,000ത്തിലധികം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.

പോലീസ് സ്റ്റേഷനുകളില്‍ നിന്നും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മോര്‍ച്ചറികളില്‍ നിന്നുമാണ് അവകാശികളില്ലാത്ത മൃതദേഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. 72 മണിക്കൂറിനുള്ളില്‍ അവകാശികള്‍ വന്നില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആ മൃതദേഹം ഷെരീഫിന് കൈമാറും. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഈ സേവനത്തിനാണ് രാഷ്‌ട്രം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്.

Related Articles

Back to top button