KeralaLatest

നീലേശ്വരത്ത് ഒരു ചിതയിലുറങ്ങി അവര്‍ നാലുപേരും

“Manju”

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് വെട്ടേറ്റ് മരിച്ച യുവതിയുടെയും രണ്ട് മക്കളുടെയും ജീവനൊടുക്കിയ ഗൃഹനാഥന്റെയും സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാല് ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ വീട്ടുവളപ്പിലെത്തിച്ചത്. വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഒരുനോക്കുകാണാനായി നാട് ഒന്നടങ്കം അവിടെ എത്തിയിരുന്നു. ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമെല്ലാമായി നൂറുകണക്കിന് ആളുകള്‍ ഉച്ചമുതല്‍ വീട്ടുപരിസരത്ത് കാത്തുനില്‍ക്കുകയായിരുന്നു.
മന്ത്രി കെ.എന്‍.ബാലഗോപാലടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. 3.10ന് മൃതദേഹങ്ങള്‍ ഓരോന്നായി ചിതയിലേക്കെടുത്തു. അവസാനമാണ് ആദിത്യരാജിന്റെ മൃതദേഹമെടുത്തത്. അതുവരെ വിങ്ങിപ്പൊട്ടിനിന്നവര്‍ അലമുറയിടാന്‍ തുടങ്ങി. എസ്.എന്‍.ഡി.പി യോഗം നീലേശ്വരം ശാഖാഭാരവാഹികളാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാലുപേരെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യരാജിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്ത് സിബിന്‍ വീട്ടിലെത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. കൊടുവാളുകൊണ്ട് ഭാര്യയെയും രണ്ട് മക്കളെയും കഴുത്തിന് വെട്ടിക്കൊന്ന ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചെന്ന പ്രാഥമിക നിഗമനത്തില്‍ത്തന്നെയാണ് പൊലീസ് ഇപ്പോഴും.

Related Articles

Back to top button