HealthLatest

മുടിയിഴകളെ പരിപാലിക്കാം…

“Manju”

മുടിയുടെ സൗന്ദര്യം ആഗ്രഹിക്കാത്തത് ആരാണ്. പുരുഷന്മാരും മുടിയുടെ പരിപാലനത്തിൽ പിന്നിലല്ല.  സ്ത്രീകൾക്കാകട്ടെ നീണ്ട് ഇടതൂര്‍ന്ന നല്ല മിനുസമുള്ള മുടിയിഴകള്‍ വലിയ സ്വപ്‌നമായിരിക്കും. അതില്ലാത്തവർക്കുണ്ടാകുന്ന അപഹർഷതാബോധവും ചെറുതല്ല.  മുടിയുടെ പരിപാലനത്തിന് വേണ്ടി സ്‌ട്രെയിറ്റനിംഗ്, സ്‌മൂത്തനിംഗ്, കെരാറ്റിനുമൊക്കെയായി സകല വിദ്യകളും പയറ്റാറുമുണ്ട്.
പക്ഷേ, ചിലർക്ക് കെമിക്കലുകളുടെ പിന്നാലെ പോകാന്‍ മടിയും പേടിയുമാണ്. അവര്‍ക്ക് പ്രകൃതിദത്തമായ രീതിയില്‍ തന്നെ സുന്ദരമായ മുടി സ്വന്തമാക്കാവുന്നതേയുള്ളൂ. അതിനുള്ള ചില വഴികൾ ഇതാ…

തേങ്ങാപ്പാലും നാരങ്ങാനീരും ഉപയോഗിച്ചാല്‍ മുടിക്ക് നല്ല മിനുസം കിട്ടും.
ഒരു കപ്പില്‍ തേങ്ങാപ്പാലെടുത്ത ശേഷം ഇതിലേക്ക് ഒരു മുറി നാരങ്ങയുടെ നീരു ചേര്‍ത്ത് നന്നായി ഇളക്കണം. ഈ കൂട്ട് അരമണിക്കൂര്‍ നേരം ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിക്കാം. ഇനി ഇത് മുടിയില്‍ തേയ്‌ക്കണം. അതിനു ശേഷം ഡ്രൈയര്‍ ഉപയോഗിച്ച്‌ ഒരു ടവല്‍ ചൂടാക്കി മുടി മുഴുവന്‍ മൂടത്തക്ക വിധത്തില്‍ കെട്ടി വ‌യ്‌ക്കാം. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കാം. മുടി തിളങ്ങുമെന്ന കാര്യത്തില്‍ ഉറപ്പ്.

അതുപോലെ, പാലുപയോഗിച്ചും മുടിയുടെ തിളക്കം കൂട്ടാം. പഴയ ഒരു സ്‌പ്രേക്കുപ്പിയില്‍ പാല്‍ നിറച്ച ശേഷം അത് ഉണങ്ങിയ തലമുടിയിലേക്ക് സ്‌പ്രേ ചെയ്‌ത് നോക്കൂ. അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച്‌ മുടി കഴുകാം.

ഒലിവ് ഓയില്‍ കൈയിലുള്ളവര്‍ക്ക് അത് വച്ചും പരീക്ഷണം നടത്താം. മുട്ടയുടെ വെള്ളയിലേക്ക് ആവശ്യത്തിന് ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി അടിച്ച്‌ ചേര്‍ക്കണം. മുടിയിഴകള്‍ പൂര്‍ണ്ണമായി മൂടത്തക്ക വിധത്തില്‍ ഈ മിശ്രിതം പുരട്ടാം. മുക്കാല്‍ മണിക്കൂറിനു ശേഷം ഷാംപു ഉപയോഗിച്ച്‌ കഴുകാം.

ഇനി തിളങ്ങട്ടെ നിങ്ങളുടെ കേശകാന്തി..

Related Articles

Back to top button