KeralaLatest

മഴയില്‍ വിറങ്ങലിച്ച്‌ ചെങ്ങന്നൂര്‍

കിഴക്കന്‍ മലയോരങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയിലും ഉരുള്‍ പൊട്ടലിലും വിറങ്ങലിച്ചു നില്‍ക്കുകയാണ്

“Manju”

ചെങ്ങന്നൂര്‍: പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കന്‍ മലയോരങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയിലും ഉരുള്‍ പൊട്ടലിലും വിറങ്ങലിച്ചു നില്‍ക്കുകയാണ് ചെങ്ങന്നൂര്‍ ഗ്രാമം.
ചീപ്പും പാലവും അപകടാവസ്ഥയില്‍ : അച്ചന്‍കോവിലാറ്റില്‍ നിന്നും ജലം കുത്തിയൊഴുകി ശാര്‍ങ്ങക്കാവ് ചീപ്പും അതിനോട് ചേര്‍ന്ന് വെണ്മണി കുളനട റോഡില്‍ സ്ഥിതി ചെയ്യുന്ന ശാരങ്ങക്കാവ് പാലവും അപകടാവസ്ഥയിലായി. കഴിഞ്ഞ പ്രളയത്തില്‍ ബലക്ഷയം സംഭവിച്ച പാലത്തിനും ചീപ്പിനും ഇടക്കുള്ള കരിങ്കല്‍ ഭിത്തി തകര്‍ന്നു.
9 ക്യാമ്പുകള്‍ 56 കുടുംബം :വെണ്മണി പഞ്ചായത്തില്‍ കല്യാത്ര സെന്റ് മേരീസ് ചര്‍ച്ച്‌ പാരിഷ് ഹാള്‍, തച്ചപ്പള്ളി സ്‌കൂള്‍, എല്‍.എം.എച്ച്‌.എസ്, ചെറിയനാട് കടയിക്കാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയം, എണ്ണക്കാട് പകല്‍ വീട്, പുലിയൂര്‍ തോനക്കാട് ഗവ.ജെ.ബി.എസ്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ അങ്ങാടിക്കല്‍ എസ്.സി.ആര്‍.വി, ഇടനാട് ജെ.ബി.എസ്, കുട്ടിശേരി നായര്‍സമാജം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച ക്യാമ്ബില്‍ 56 കുടുംബത്തിലെ 199 പേരാണ് കഴിയുന്നത്. രാത്രി വൈകിയും ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ ക്യാമ്ബുകള്‍ തുറക്കാനുള്ള തയാറെടുപ്പ് നടത്തുകയാണ് റവന്യൂ ഉദ്യോഗസ്ഥര്‍.

മത്സ്യ ഫാമുകളില്‍ വെള്ളം കയറി : നദീതീരത്തും പാടശേഖരങ്ങളുടെ സമീപത്തും കുളം കുഴിച്ച്‌ മത്സ്യകൃഷി ചെയ്തവര്‍ക്ക് വെള്ളപ്പോക്കം ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാണ്ടനാട്, തിരുവണ്ടൂര്‍ നന്നാട് ഭാഗത്തും മത്സ്യകര്‍ഷകര്‍ക്ക് പ്രളയജലം നാശം വരുത്തി.
വ്യാപക കൃഷി നാശം : നദി കരകവിഞ്ഞതോടെ പാടശേഖരങ്ങളിലും തകിടികളിലും പച്ചക്കറി കൃഷി ഇറക്കിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. ചേന, മരച്ചീനി, കാച്ചില്‍, ഇഞ്ചി, വാഴ തുടങ്ങിയവ വ്യാപകമായി നശിച്ചു. വെറ്റക്കൊടി കര്‍ഷകര്‍ക്കും മഴ നാശം വിതച്ചു.

Related Articles

Back to top button