KeralaLatest

പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് അമരീന്ദര്‍ സിംഗ്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയെ പാകിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും അഭിനന്ദിച്ച്‌ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഗുരുനാനാക്കിന്റെ ജന്മവാര്‍ഷിക ദിനമായ ഗുരു പുരബില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് സിഖുകാരായ ഭക്തര്‍ക്ക് അവസരമൊരുക്കുന്നതാണ് ഈ തീരുമാനമെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി ഇപ്പോഴാണ് തുറന്നുകൊടുക്കുന്നത്. ഈ ഇടനാഴിയിലൂടെ പോയാല്‍ പാകിസ്ഥാനിലെ കര്‍ത്താര്‍പൂരിലെ ഗുരുദ്വാര സന്ദര്‍ശിക്കാനാകും. ‘കൃത്യസമയത്ത് കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും എന്റെ അകമഴിഞ്ഞ നന്ദി. ഗുരുനാനാക് ദേവ്ജിയുടെ ജന്മദിനമായ ഗുരു പുരബിനോടനുബന്ധിച്ച്‌ പുണ്യ ഗുരുദ്വാരയില്‍ ആയിരക്കണക്കിന് ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരമാണ് കൈവന്നത്,’ അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നും 4.7 കിലോമീറ്റര്‍ ദൂരത്തിലാണ് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര. നേരത്തെ പഞ്ചാബില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് ലാഹോറിലേക്ക് 125 കിലോമീറ്റര്‍ ബസില്‍ സഞ്ചരിച്ച്‌ വേണം കര്‍ത്താര്‍പൂരിലെത്താന്‍. കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ പാകിസ്ഥാനിലേക്ക് കടക്കാന്‍ വിസ ആവശ്യമില്ല. 2019ലാണ് പാകിസ്താല്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്തത്. കര്‍ത്താര്‍പൂര്‍ ഇടനാഴി നവംബര്‍ 17 ബുധനാഴ്ച തുറന്നു. നവംബര്‍ 19നാണ് ഗുരു പുരബ് ആഘോഷം.

Related Articles

Back to top button