IndiaLatest

സഞ്ചാരി വിജയന്റെ മരണത്തില്‍ മന്ത്രിമാര്‍ അനുശോചിച്ചു

“Manju”

ചായക്കട വരുമാനത്തിലൂടെ ലോക സഞ്ചാരം നടത്തിയ കെആര്‍ വിജയന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും.
വിജയന്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബര്‍ 30ന് ചായക്കട സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. കേരള ടൂറിസത്തില്‍ നടപ്പിലാക്കേണ്ട ആശയങ്ങള്‍ അന്ന് ചര്‍ച്ച ചെയ്തിരുന്നെന്നും റഷ്യന്‍ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച്‌ കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും മന്ത്രി റിയാസ് അനുശോചന കുറിപ്പില്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്: ചായക്കട നടത്തി ലോകം മുഴുവന്‍ സഞ്ചരിച്ച വിജയേട്ടന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഈ സഞ്ചാരി മനസ്സില്‍ സൂക്ഷിച്ചിരുന്നു. സെപ്റ്റംബര്‍ 30ന് എറണാകുളം ഗാന്ധി നഗറിലെ ചായക്കട സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് 25 ലോക രാജ്യങ്ങള്‍ സഞ്ചരിച്ച വിജയേട്ടനും മോഹനാമ്മയും റഷ്യയില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു അപ്പൊള്‍. മധുരമേറിയ യാത്രാനുഭവങ്ങളും രുചികരമായ ഭക്ഷണവും നല്‍കിയാണ് അവര്‍ സ്വീകരിച്ചത്. ഒട്ടേറെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. കേരള ടൂറിസത്തില്‍ നടപ്പിലാക്കേണ്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. റഷ്യന്‍ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച്‌ കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്. പക്ഷേ.. പ്രിയപ്പെട്ട വിജയേട്ടന് ആദരാഞ്ജലികള്‍..
മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്: കടവന്ത്രയില്‍ ശ്രീ ബാലാജി കോഫി ഹൗസ് ചുമരുകള്‍ അലങ്കരിക്കാന്‍ ജപ്പാനില്‍ നിന്നുള്ള ചിത്രം ഉണ്ടാവില്ല. ജപ്പാന്‍ എന്ന മോഹം ബാക്കിയാക്കി യാത്രാദമ്ബതിമാരില്‍ കെ ആര്‍ വിജയന്‍ അന്തരിച്ചു, മോഹന തനിച്ചായി. ചായക്കടയില്‍ നിന്നുള്ള വരുമാനത്തില്‍ മിച്ചം പിടിച്ചാണ് കടവന്ത്ര സ്വദേശി വിജയനും മോഹനയും രാജ്യാന്തര യാത്രകള്‍ നടത്തിയിരുന്നത്. ചായക്കടയിലെ വരുമാനത്തില്‍ നിന്ന് ചെറു വിഹിതം എല്ലാദിവസവും മാറ്റിവെച്ചായിരുന്നു ഇവരുടെ ലോക യാത്രകള്‍. 16 വര്‍ഷത്തിനിടെ 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ദമ്ബതിമാരുടെ ജീവിതകഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിദേശ യാത്രകളുടെ ചിത്രങ്ങള്‍ ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകളെ അലങ്കരിച്ചിരുന്നു. കെ ആര്‍ വിജയന് ആദരാഞ്ജലികള്‍. മോഹനയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു

Related Articles

Back to top button