IndiaLatest

80 വര്‍ഷത്തെ പഴക്കമുള്ള മാവിനെ വെട്ടിക്കളയാതെ ‘മരവീട്’

“Manju”

വീട് പണിയാൻ പരിസ്ഥിതിയെ നശിപ്പിക്കുന്ന സമൂഹത്തിൽ വേറിട്ട ചിന്താഗതിയുമായി  ഒരു എൻജിനീയർ; 80 വർഷത്തെ പഴക്കമുള്ള മാവിനെ വെട്ടിക്കളയാതെ ...
ഉദയ്പൂര്‍: സ്വാര്‍ഥമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ചുറ്റുപാടുമുള്ള പരിസ്ഥിതിയെ നശിപ്പിക്കുന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണ്. നെല്‍വയലുകളും മരങ്ങളും മറ്റും നശിപ്പിച്ച്‌ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും പതിവ് സംഭവമാണ്.

എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാണ് ഉദയ്പൂരിലെ ഒരു എന്‍ജിനീയര്‍. മിക്കപ്പോഴും നമ്മള്‍ ഒരു വീട് പണിയാന്‍ തുടങ്ങുമ്ബോള്‍ അവിടെയുള്ള മരങ്ങളും ചെടികളുമെല്ലാം വെട്ടി നശിപ്പിച്ച്‌ ആ ഭൂമിയെ തരിശാക്കിയാണ് പണി തുടങ്ങാറ്.

എന്നാല്‍ ഇവിടെ ഉദയ്പൂരില്‍ നിന്നുള്ള കുല്‍ പ്രദീപ് സിങ്ങ് എന്ന എന്‍ജിനീയര്‍ ഇത്തരം സമ്ബ്രദായങ്ങളില്‍ നിന്നും എതിരാണ്. അദ്ദേഹം പറമ്ബില്‍ നിന്നിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള മാവ് മുറിക്കാതെയാണ് തന്റെ സ്വപ്നഭവനം നിര്‍മിച്ചത്. മറ്റുള്ള വീടുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ആ വീട്ടില്‍ കിടപ്പ് മുറിയും, സ്വീകരണമുറിയും, അടുക്കളയുമെല്ലാം മാവിന്റെ ചില്ലകള്‍ക്കിടയിലൂടെയാണ് സ്ഥിതി ചെയ്യുന്നത്. തന്റെ വീടിന്റെ ആവശ്യങ്ങള്‍ക്കായി മരത്തെ മുറിച്ച്‌ മാറ്റാതെ പകരം വീട് മരത്തിന്റെ ആവശ്യാനുസരണം മാറ്റിയിരിക്കുകയാണ് അദ്ദേഹം.
2000 -ത്തിലാണ് 80 വര്‍ഷം പഴക്കമുള്ള മാവില്‍ അദ്ദേഹം നാല് നിലകളുള്ള ഒരു വീട് നിര്‍മിച്ചത്. അങ്ങനെ നിലത്തുനിന്ന് 40 അടി ഉയരത്തില്‍ നില്‍ക്കുന്ന മാവ് മുറിക്കാതെതന്നെ അദ്ദേഹം അതിനുള്ളില്‍ പുതിയൊരു വീട് പണിതു.

മരത്തിന്റെ ശാഖകള്‍ക്കനുസരിച്ചാണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരു മരത്തിന്റെ ചില ശാഖകള്‍ സോഫയായും ചിലത് ടിവി സ്റ്റാന്‍ഡായും ഉപയോഗിക്കുന്നു. അടുക്കള, കുളിമുറി, കിടപ്പുമുറി, ഡൈനിംഗ് ഹാള്‍, ഒരു ലൈബ്രറി തുടങ്ങി എല്ലാ അടിസ്ഥാന കാര്യങ്ങളും ഈ മരവീട്ടിലുണ്ട്.

വീട് വെയ്ക്കാന്‍ ഒരു സ്ഥലം സ്വന്തമാക്കിയ അദ്ദേഹം ആ ഭൂമിയുടെ ചരിത്രം മനസിലാക്കി. ആ സ്ഥലം നേരത്തെ ‘കുഞ്ച്രോ കി ബാഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ താമസിക്കുന്ന ആളുകള്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പിന്നീട് അതില്‍ നിന്നുള്ള പഴങ്ങള്‍ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.

എന്നാല്‍, നഗരത്തിന്റെ വിസ്തൃതി വ്യാപിച്ചതോടെ അതെല്ലാം വെട്ടിമാറ്റാന്‍ തുടങ്ങി. ഏകദേശം 4000 ത്തോളം മരങ്ങള്‍ പ്രദേശത്ത് നിന്ന് മുറിച്ചുമാറ്റി. എന്നാല്‍, ഈ വെട്ടിനിരത്തിലിന്റെ ഭാഗമാകാന്‍ പ്രദീപിന് മനസ് വന്നില്ല. അതിനാല്‍ മരങ്ങള്‍ മുറിക്കാതെ വീട് പണിയാനുള്ള മാര്‍​ഗങ്ങള്‍ അദ്ദേഹം തിരഞ്ഞു.
മരം വേരോടെ പിഴുതെടുത്ത് മറ്റൊരിടത്ത് നടാന്‍ ആയിരുന്നു ആദ്യ തീരുമാനം. പക്ഷേ ചിലവേറിയ ഒരു രീതിയായിരുന്നതിനാല്‍ അതുപേക്ഷിച്ചു. തന്റെ വീടിനായി വര്‍ഷങ്ങളോളം പഴക്കമുള്ള മാവ് മുറിക്കാനും പ്രദീപ് ആഗ്രഹിച്ചില്ല. അങ്ങനെയാണ് മരത്തില്‍ തന്നെ ഒരു വീട് പണിയാന്‍ അദ്ദേഹം തീരുമാനിച്ചത്.

ഐഐടിയില്‍ നിന്ന് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ പ്രദീപ്, മരത്തിന് കേടുപാടുകള്‍ വരുത്താതെ തന്നെ തന്റെ വീട് രൂപകല്‍പന ചെയ്തു. ഇത് മാത്രമല്ല, വീട് പണിയുന്നതിനുമുമ്ബ് അദ്ദേഹം മരത്തിന് ചുറ്റും നാല് തൂണുകള്‍ ഉണ്ടാക്കി. അത് ഒരു ഇലക്‌ട്രികല്‍ കണ്ടക്ടറായി പ്രവര്‍ത്തിക്കുന്നു.

ഇടിമിന്നലില്‍ മരം നശിക്കാതെ അത് കാക്കുന്നു. സിമന്റിന് പകരം, വീടിന്റെ മുഴുവന്‍ ഘടനയും ഉരുക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ ചുമരുകളും നിലകളും സെലുലോസ് ഷീറ്റുകളില്‍ നിന്നും, ഫൈബറുകളില്‍ നിന്നുമാണ് നിര്‍മിച്ചത്. അക്ഷരാര്‍ഥത്തില്‍ ഒരു ട്രീ ഹൗസായ ഈ വീട് ഇപ്പോള്‍ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

Related Articles

Back to top button