IndiaLatest

ജി.എസ്.ടി 5ല്‍ നിന്ന് 12%, തുണി, ചെരിപ്പ് വില കൂടും

“Manju”

ന്യൂഡല്‍ഹി: 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരിപ്പുകള്‍ക്കും ഈടാക്കുന്ന ജി.എസ്.ടി ജനുവരി ഒന്നു മുതല്‍ അഞ്ചു ശതമാനത്തില്‍ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഏറും.
ഉദാഹരണത്തിന്, 1000 രൂപയുടെ തുണിക്ക് 12 ശതമാനം ജി.എസ്.ടി കൂടിയാകുമ്ബോള്‍ വില 1120 രൂപയാകും. ഇന്ത്യയില്‍ വിറ്റഴിയുന്ന തുണിത്തരങ്ങളില്‍ 80 ശതമാനവും ആയിരം രൂപയ്ക്ക് താഴെയുള്ളതാണ്. കമ്ബിളിപ്പുതപ്പ്, ടേബിള്‍ ഷീറ്റ് തുടങ്ങിയവയ്ക്കും പുതിയ നികുതി നിരക്ക് ബാധകമാണ്.
സാധാരണക്കാരെ കരുതിയാണ് നികുതി അഞ്ചു ശതമാനത്തില്‍ ഒതുക്കിയിരുന്നത്. ഉയര്‍ന്ന വിലയുള്ളവയ്ക്ക് പന്ത്രണ്ട് ശതമാനവും ഈടാക്കി വരികയാണ്. ഒരേ സാധനത്തിന്റെ നികുതി പല തട്ടിലാകുന്നത് ആശയക്കുഴപ്പം വരുത്തുന്നതിനാല്‍ ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശ നല്‍കിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്‌റ്റംസാണ് (സി.ബി.ഐ.സി) ഇന്നലെ പുതിയ നികുതി നിരക്ക് പ്രഖ്യാപിച്ചത്.
വസ്‌ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ നികുതിയും വില അനുസരിച്ച്‌ അ‌ഞ്ച് മുതല്‍ 18 ശതമാനം വരെയാണ്. ഇതും 12 ശതമാനമായി ഏകീകരിച്ചിട്ടുണ്ട്.
തിരിച്ചടിയെന്ന് നിര്‍മ്മാതാക്കള്‍
അസംസ്കൃത വസ്‌തുക്കളുടെ വിലക്കയറ്റം മൂലം 15-20 ശതമാനം വരെ വില ഉയരുമെന്ന് ഉറപ്പായിരിക്കേയാണ് ജി.എസ്.ടിയും കൂട്ടിയത്. ഇതോടെ, പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വിലവര്‍ദ്ധന ഉണ്ടാകുമെന്ന് ക്ളോത്തിംഗ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (സി.എം.എ.ഐ) വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഭക്ഷണവും ജി.എസ്.ടിയിലേക്ക്
ഓണ്‍ലൈനില്‍ വാങ്ങുന്ന ഭക്ഷണത്തിന് ഉപഭോക്താക്കളില്‍ നിന്ന് സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇ-ഡെലിവറി കമ്ബനികള്‍ ജി.എസ്.ടി ഈടാക്കുന്ന സംവിധാനം ജനുവരി ഒന്നിന് നിലവില്‍ വരും. ഹോട്ടലുകള്‍ക്ക് പകരം ഡെലിവറി കമ്പനികള്‍ നികുതി ഈടാക്കുമെന്ന വ്യത്യാസമേയുള്ളൂ. ഭക്ഷണവിലയില്‍ മാറ്റമുണ്ടാകില്ല.
സ്ളാബുകള്‍ കുറയ്ക്കും , നഷ്ടപരിഹാരം നിറുത്തും
 നാല് തോതിലുള്ള ജി.എസ്.ടി സ്ളാബ് (5, 12, 18, 28 ശതമാനം) മൂന്നായി കുറച്ചേക്കും
 നികുതി ഘടന ലളിതമാക്കി വരുമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം
 സംസ്ഥാനങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം അടുത്ത ജൂലായോടെ അവസാനിപ്പിക്കും
 നഷ്ടപരിഹാരം തുടരണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്

Related Articles

Back to top button