ഫ്രാന്‍സില്‍ കൊവിഡിന്റെ അഞ്ചാം ഘട്ട വ്യാപനം
പാരിസ്: ഫ്രാന്‍സില്‍ കൊവിഡിന്റെ അഞ്ചാം ഘട്ട വ്യാപനം അപകടകരമായി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ രണ്ടിരട്ടി കേസുകളാണ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പ്രകാശ വേഗത്തിലാണ് വ്യാപനം നടക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവായ ഗബ്രിയേല്‍ അട്ടാല് പറഞ്ഞു. ആശുപത്രികള്‍ കൊവിഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. അതേസമയം വാക്സിനേഷനില്‍ ഏറെ മുന്നിലാണ് ഫ്രാന്‍സ് എന്നത് ആശ്വാസകരമാണ്.
ശനിയാഴ്ച മാത്രം7,974 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ 1,333 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫ്രാന്‍സ്. രാജ്യത്തെ റെസ്റ്റോറന്റുകള്‍, കഫേകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഹെല്‍ത്ത് പാസ് ഹാജരാക്കണം. വാക്സിന്റെ രണ്ട് ഡോസും എടുത്തത്, കൊവിഡില്‍ നിന്ന് സമീപകാലത്ത് മുക്തമായത്, കൊവിഡ് നെഗറ്റീവായത് - എന്നിവയില്‍ ഏതെങ്കിലുമൊന്നിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും.