KeralaLatest

12 വര്‍ഷം പിന്നിട്ട് എസ് പി സി

“Manju”

കൊച്ചി: രാജ്യമെങ്ങും വ്യാപിച്ച്‌, ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 12 വര്‍ഷം പിന്നിടുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ത്ഥികളില്‍ അര്‍പ്പണ ബോധവും കാര്യപ്രാപ്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി) വഹിച്ച പങ്ക് വളരെ വലുതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മലയാളി ഐ.പി.എസ് ഓഫീസറുടെ ആശയത്തില്‍ ഉദിച്ച പദ്ധതിയാണിത്. 2006ല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരിക്കെ, പി.വിജയനാണ് വിപ്ലവ പദ്ധതിക്ക് തുടക്കമിട്ടത്.
കൊച്ചി സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ പൊലീസുദ്യോഗസ്ഥരുടെ സംവാദത്തിനു ശേഷമാണ് ഇത്തരമൊരു ആശയം കമ്മീഷണര്‍ക്ക് തോന്നിയത്.ആദ്യ കൂടിക്കാഴ്ചയില്‍ പൊലീസിനെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ എഴുതി നല്‍കിയ മറുപടി കമ്മീഷണര്‍ ഉള്‍പ്പെടെ ഉള്ളവരെ ശരിക്കും ഞെട്ടിച്ചിരുന്നു. പൊലീസിനെ ‘വില്ലന്‍മാരായി ‘ കണ്ട അഭിപ്രായ പ്രകടനമായിരുന്നു പേപ്പറില്‍ ദൃശ്യമായിരുന്നത്. തുടര്‍ന്ന് ഈ നിലപാട് തിരുത്തിക്കാന്‍ കമ്മീഷണര്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു.
ഒരു ദിവസം മുഴുവന്‍ സിറ്റിയിലെ പൊലീസിന്‍്റെ സഹായി ആയി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെ, വിദ്യാര്‍ത്ഥികളും നിലപാട് മാറ്റുകയാണുണ്ടായത്. പൊലീസില്‍ നിന്നും കുട്ടികള്‍ക്ക് നേരിട്ടോ, അതല്ലങ്കില്‍ രക്ഷിതാക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ എന്തെങ്കിലും അനുഭവം ഉണ്ടായ സാഹചര്യത്തിലായിരുന്നില്ല, അവര്‍ പൊലീസിനെ വില്ലന്‍മാരായി കണ്ടിരുന്നത് എന്ന് മനസ്സിലാക്കി തന്നെയാണ് കമ്മീഷണര്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കിയിരുന്നത്.
സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും, ട്രാഫിക്ക് പൊലീസിന്റെ കൂടെ സഹായി ആയി നിന്നുമായിരുന്നു പ്രവര്‍ത്തനം. വൈകീട്ട് തിരിച്ചു വന്നപ്പോള്‍, ‘ഇപ്പോള്‍ എന്താണ് പൊലീസിനെ കുറിച്ചുള്ള അഭിപ്രായമെന്നായിരുന്നു’ കമ്മീഷണര്‍ ചോദിച്ചിരുന്നത്. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ തികച്ചും വ്യത്യസ്തമായ മറുപടിയാണ് അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിരുന്നത്. അനുഭവത്തില്‍ നിന്നുള്ള ആ തിരിച്ചറിവ് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് പകരാനുള്ള കമ്മീഷണര്‍ പി.വിജയന്റെ ആഗ്രഹമാണ് പിന്നീട് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ കലാശിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസ് ഉന്നതരുടെയും ശക്തമായ പിന്തുണകൂടി ലഭ്യമായതോടെ പദ്ധതിയും വളരെ പെട്ടന്നാണ് നടപ്പായത്. ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ് ഈ പദ്ധതി. നാല് സ്വതന്ത്ര ഏജന്‍സികള്‍ എസ്.പി.സിയെ കുറിച്ച്‌ നടത്തിയ പഠനത്തിലും വലിയ അഭിനന്ദനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര ഏജന്‍സിയായ കെ.പി.എം.ജി നടത്തിയ പഠനത്തില്‍, കുട്ടികളിലും രക്ഷിതാക്കളിലും അദ്ധ്യാപകരിലും പൊലീസിലും ഉള്‍പ്പെടെ, സ്റ്റുഡന്‍്റ് പൊലീസ് കേഡറ്റുകള്‍ മാതൃകാപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്കൂളുകളിലേക്കും കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്കും ഈ പദ്ധതി വ്യാപിക്കണമെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിലബസുകളും കരിക്കുലവും തയ്യാറാക്കുന്ന കേരളത്തിലെ എസ്.ഇ.ആര്‍.ടി നടത്തിയ പഠനത്തിലും, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സ്കൂളിനകത്തും പുറത്തും ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്. കേരള പ്ലാനിങ്ങ് ബോര്‍ഡ് നടത്തിയിരിക്കുന്ന പഠനത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്.
മറ്റൊരു അന്താരാഷ്ട്ര ഏജന്‍സിയായ യൂനീ സെഫ് നടത്തിയിരിക്കുന്ന പഠനത്തില്‍, സ്റ്റുഡന്‍്റ്സ് പൊലീസ് കേഡറ്റ് പദ്ധതി ലോകത്തിന് തന്നെ മാത്യകയാക്കാവുന്ന പദ്ധതിയാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. എസ്.പി.സിയെ കൂടുതല്‍ രാജ്യങ്ങളില്‍ എത്തിക്കുന്നതിനായി യുനീസെഫ് തന്നെ മുന്‍കൈ എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നാല് പഠനങ്ങളും എസ്.പി.സിയുടെ പ്രാധാന്യം തുറന്നു കാട്ടുന്നതാണ്.
ഇന്ന് സ്റ്റുഡന്റ്സ് പൊലീസ് പദ്ധതി ലഭിക്കുവാന്‍, കേരളത്തിലെ സ്വകാര്യ സ്കൂളുകള്‍ ഉള്‍പ്പെടെ ക്യൂ നില്‍ക്കുന്ന അവസ്ഥയാണുള്ളത്.1000 ത്തില്‍ അധികം അപേക്ഷകള്‍ ഇതിനകം തന്നെ അധികൃതര്‍ക്കു മുന്നില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിക്ക് മാറി വരുന്ന സര്‍ക്കാറുകള്‍ നല്‍കുന്ന പരിഗണനയും എടുത്ത് പറയേണ്ടതാണ്. ഒരു ഫണ്ടും ഇല്ലാതെ തുടങ്ങിയ സ്റ്റുഡന്റ് പൊലീസ് പദ്ധതിക്ക്, സംസ്ഥാനത്തിന് വലിയ സാമ്ബത്തിക പ്രതിസന്ധിയുള്ള ഘട്ടങ്ങളില്‍ പോലും, സര്‍ക്കാറായിട്ട് ഇതുവരെ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല.
കേരളത്തിലെ സ്റ്റുഡന്റ് പൊലീസ് പദ്ധതിയെ കുറിച്ച്‌ കേട്ടറിഞ്ഞ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, 2013 -ല്‍ ഒരു ടീമിനെ കേരളത്തിലേക്ക് പറഞ്ഞയക്കുകയുണ്ടായി. തുടര്‍ന്ന് ഗുജറാത്തിലെ 1000-ല്‍ അധികം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.തുടര്‍ന്ന് ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും, സ്റ്റുഡന്റ് പൊലീസ് പദ്ധതി വിജയകരമായി നടപ്പാക്കുകയുണ്ടായി.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കേരളത്തില്‍ വന്നപ്പോള്‍, ഇതേ കുറിച്ച്‌ കണ്ട് മനസ്സിലാക്കുകയും, തുടര്‍ന്ന് ദേശീയ തലത്തില്‍ തന്നെ 2018ല്‍ ഈ പദ്ധതി നടപ്പാക്കുകയുമുണ്ടായി.
ഇതു കൂടാതെ സ്റ്റുഡന്റ് പൊലീസ് പദ്ധതി പഠിക്കുന്നതിനായി. ടാന്‍സാനിയ, ഘാന, കസാഖിസ്ഥാന്‍, ശ്രീലങ്ക, മാലി ദ്വീപ് രാജ്യങ്ങളില്‍ നിന്നും, പ്രത്യേക സംഘങ്ങളും കേരളത്തില്‍ എത്തുകയുണ്ടായി. ലോക രാജ്യങ്ങളിലേക്ക് സ്റ്റുഡന്റ് പൊലീസ് പദ്ധതി വ്യാപിക്കുന്നതിന്റെ ഉദാഹരണങ്ങളാണിത്.
ഈ കോവിഡ് കാലത്ത് പോലും പത്തു ലക്ഷത്തിലധികം ആളുകളെ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് കൊണ്ട് ‘ഒരു വയറൂട്ടാം’ എന്ന പദ്ധതിയിലൂടെ ഭക്ഷണം കൊടുക്കുന്നതിലും, 70,000 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിക്കുന്നതിലും എസ്.പി.സി അംഗങ്ങള്‍ സജീവമായാണ് രംഗത്തിറങ്ങിയിരുന്നത്. പ്രളയ കാലത്ത് 40,000 ത്തോളം വരുന്ന സ്റ്റുഡന്ററ്സ് പൊലീസ് സേനാംഗങ്ങള്‍ വിവിധ ക്യാംപുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസിപിടിച്ചു പറ്റിയിട്ടുണ്ട്.
സ്റ്റുഡന്റ് പൊലീസ് ഒരു പരിശീലന പദ്ധതിയാണ്. കാര്യശേഷിയും ഉത്തരവാദിത്വബോധമുള്ളതും,സഹജീവികളെ സ്നേഹിക്കുകയും പൗരബോധമുള്ളതുമായ ഒരു യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.പ്രകൃതിയെ സ്നേഹിക്കുകയും സാമൂഹിക വിപത്തിനോട് പ്രതികരിക്കുന്നതുമായ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി പ്രത്യേക ട്രയിനിംങ്ങ് പ്രോഗ്രാമും എസ്.പി.സിക്കുണ്ട്. സ്റ്റുഡന്റ് പൊലീസിന്റ് ഉദ്ദേശ ലക്ഷ്യം തന്നെ, തങ്ങള്‍ പഠിക്കുന്നത് മറ്റുള്ളവരെ സഹായിക്കാനാണ് എന്നതാണ്. ഈ ബോധം തന്നെയാണ് അവരെ നയിക്കുന്നതും. പൊതു സമൂഹത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണിത്.

Related Articles

Back to top button