KeralaLatestMalappuram

പതിനൊന്നാംവളവ്‌ നിവരുന്നു

“Manju”

തളിപ്പറമ്പ്: പതിനൊന്നാംവളവ്‌ ഇനിയില്ല, തളിപ്പറമ്പ്-ഇരിട്ടി സംസ്‌ഥാനപാത-36 ലെ കൊടുംവളവ്‌ നിവര്‍ക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലേക്ക്‌. ഈ ഭാഗത്തെ അഞ്ച്‌ വശളവുകളാണ്‌ ഏതാനും മാസങ്ങള്‍ക്കകം ഓര്‍മ്മകളായി മാറുന്നത്‌.
കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുന്ന നിര്‍മ്മാണപ്രവൃത്തികള്‍ 2022 ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ്‌ ശ്രമം. ഇരിട്ടിയിലേക്കുള്ള 45 കിലോമീറ്റര്‍ റോഡിലെ ഏറ്റവും അപകടകരമായ ഭാഗമായിരുന്നു കരിമ്ബം ജില്ലാ കൃഷിഫാമിന്‌ നടവിലൂടെയുള്ള ഈ വളവുകള്‍. എണ്ണമറ്റ അപകടങ്ങള്‍ നടന്ന ഈ റോഡില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക്‌ കണക്കില്ല. പക്ഷെ, റോഡിലെ വളവുകള്‍ നിവര്‍ത്തി വിപുലീകരിക്കാന്‍ സ്‌ഥലസൗകര്യമില്ലാത്തതിനാല്‍ ഇത്‌ അപകടവളവുകളായി തന്നെ നിലകൊള്ളുകയായിരുന്നു. അതില്‍ ഏറ്റവും മാരകമായ വളവിനെ പതിനൊന്നാം വളവ്‌ എന്നാണ്‌ നാട്ടുകാര്‍ വിളിച്ചിരുന്നത്‌. ഈ ഭാഗത്താണ്‌ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിരുന്നത്‌. കരിമ്ബം ഫാമില്‍ നിന്ന്‌ സ്‌ഥലം വിട്ടുകിട്ടാതെ റോഡിലെ വളവ്‌ നിവര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. സര്‍ക്കാര്‍ വകുപ്പില്‍ നിന്നും ഇത്തരമൊരാവശ്യത്തിന്‌ സ്‌ഥലം വിട്ടുകിട്ടുന്നതിലെ കടമ്ബകള്‍ നിരവധിയായിരുന്നു. ഇതിലെ നിയമനടപടികള്‍ സങ്കീര്‍ണമായിരുന്നതിനാലാണ്‌ ഇത്രയും കാലം ആരും തന്നെ കരിമ്ബത്തെ വളവുകള്‍ നിവര്‍ത്തുന്നതിനായി രംഗത്തുവന്നിരുന്നില്ല, എം.എല്‍.എയിയിരുന്ന ജയിംസ്‌മാത്യു മുന്‍കൈയെടുത്താണ്‌ വളവുകള്‍ വീതികൂട്ടി ഡിവൈഡറുകള്‍ സ്‌ഥാപിക്കാനും പതിനൊന്നാം വളവില്‍ പുതിയ കോണ്‍ക്രീറ്റ്‌ പാലം പണിത്‌ നേര്‍രേഖയില്‍ തന്നെ റോഡ്‌ നിര്‍മ്മിക്കാനും തീരുമാനിച്ചത്‌. ഇവിടെ ഒരു ഏക്കര്‍ 12 സെന്റ്‌ സ്‌ഥലം കൃഷിവകുപ്പ്‌ വിട്ടുനല്‍കിയതോടെ ഫാമിലെ ജൈവവൈവിധ്യ പ്രദേശമായ ചോലമൂലയില്‍ കോണ്‍ക്രീറ്റ്‌ പാലം നിര്‍മ്മിച്ചാണ്‌ റോഡ്‌ നേര്‍രേഖയിലാക്കുന്നത്‌.
ഇവിടെ മരങ്ങള്‍ മുറിക്കുന്നത്‌ പരമാവധി കുറച്ചാണ്‌ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്‌. മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക്‌ പകരമായി ഇവിടെ പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഈ ഭാഗത്ത്‌ ഇ ടി സി മുതല്‍ കരിമ്ബം പാലം വരെയുള്ള ഭാഗത്തും വലിയതോതില്‍ റോഡ്‌ വീതികൂട്ടുന്നുണ്ട്‌. ഇത്‌ ഉള്‍പ്പെടെ 32 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ്‌ സംസ്‌ഥാനപാതയില്‍ നടന്നുവരുന്നതെന്ന്‌ ദേശീയപാത വിഭാഗം അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button