InternationalLatest

ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നതിനാല്‍ അമേരിക്കയില്‍ നിന്നടക്കം സമ്മര്‍ദ്ദങ്ങള്‍ – ഇമ്രാന്‍ ഖാന്‍

“Manju”

ഇസ്ലാമാബാദ് : ചൈനയുമായുള്ള പാകിസ്ഥാന്റെ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികത്തില്‍ താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ച്‌ വാചാലനായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസം ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന് (സിജിടിഎന്‍) നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്റെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. ചൈനയുമായി പാകിസ്ഥാന്‍ അടുക്കുന്നത് അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് ഇഷ്ടമല്ലെന്നാണ് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടത്.
ചൈന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഏതു അവസ്ഥയിലും കൈവിടാത്ത സുഹൃത്താണ്, അതിനാല്‍ അമേരിക്കയില്‍ നിന്നും മറ്റ് പാശ്ചാത്യ ശക്തികളില്‍ നിന്നുമുള്ള ഒരു സമ്മര്‍ദ്ദത്തിനും താന്‍ വഴങ്ങില്ലെന്നും പാക് പ്രധാനമന്ത്രി സൂചിപ്പിച്ചു. അമേരിക്കയും ചൈനയുമായുള്ള വൈരാഗ്യത്തിന് പാകിസ്ഥാനെ പോലെയുള്ള രാജ്യങ്ങളെ വശീകരിക്കാനാണ് പാശ്ചാത്യ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു രാജ്യത്തിന്റെയും സ്വാധീനത്തിന് വഴങ്ങാനാവില്ല, എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തണമെന്ന നിലപാടാണ് പാകിസ്ഥാനുള്ളത്. അതിനാല്‍ സമ്മര്‍ദ്ദം ചെലുത്തി ചൈനയുമായുള്ള ബന്ധം തരംതാഴ്ത്താനാവില്ല.
അമേരിക്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച്‌ പ്രാദേശിക സഖ്യം രൂപീകരിക്കുന്നുവെന്നും, ക്വാഡിനെ പരാമര്‍ശിച്ച്‌ ഖാന്‍ തുറന്നടിച്ചു. യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഭാവിയില്‍ വ്യാപാരത്തിലൂടെയാവും ചൈന പാക് ബന്ധം വളരുകയെന്ന് പാക് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചൈന പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴി (സിപിഇസി) ഇതില്‍ നിര്‍ണായക പങ്ക് വഹിക്കും. പാക്കിസ്ഥാന്റെ ബലൂചിസ്ഥാനിലെ ഗ്വാഡാര്‍ തുറമുഖത്തെ ചൈനയുടെ സിന്‍ജിയാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
അഭിമുഖത്തില്‍ ചൈനയെ വാനോളം പുകഴ്ത്തിയാണ് ഇമ്രാന്റെ സംഭാഷണം. ഇന്ത്യയുമായി കലഹിക്കുമ്ബോഴെല്ലാം ചൈന ഞങ്ങളുടെ കൂടെ നില്‍ക്കുന്നുവെന്നും, അതില്‍ നിന്നും ചൈന എല്ലായ്‌പ്പോഴും പാകിസ്ഥാനുമായി നിലകൊള്ളുന്നുവെന്ന് മനസിലാക്കുന്നെന്നും ഇമ്രാന്‍ അഭിപ്രായപ്പെടുന്നു.
“നല്ല സമയങ്ങളില്‍, എല്ലാവരും കൂടെ നില്‍ക്കുന്നു, എന്നാല്‍ നിങ്ങളുടെ ദുഷ്‌കരമായ സമയങ്ങളില്‍, മോശം സമയങ്ങളില്‍, നിങ്ങളുടെ കൂടെ നിന്ന ആളുകളെ നിങ്ങള്‍ ഓര്‍ക്കുന്നു.” ഇമ്രാന്‍ പറയുന്നു
അതുകൊണ്ടാണ് പാകിസ്ഥാനില്‍ ആളുകള്‍ക്ക് എല്ലായ്‌പ്പോഴും ചൈനയിലെ ആളുകളോട് ഒരു പ്രത്യേക താല്‍പ്പര്യം ഉള്ളതെന്ന് ഇമ്രാന്‍ പറഞ്ഞു. കടക്കെണിയിലും, പട്ടിണിയിലും ഉഴലുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ ഏക അത്താണി ചൈനയാണ്. അതിനാല്‍ ചൈനയെ പുകഴ്ത്തുന്നതില്‍ ഒരു മടിയും പാക് പ്രധാനമന്ത്രിയ്ക്കില്ല. ട്രംപ് ഭരണകാലത്താണ് പാകിസ്ഥാന്റെ ചൈന പ്രേമത്തിനെതിരെ അമേരിക്ക കടുത്ത തീരുമാനങ്ങളെടുത്തത്. ഗള്‍ഫ് രാഷ്ട്രങ്ങളുമായും പാകിസ്ഥാന്റെ ബന്ധം അടുത്തിടെ വഷളായിരുന്നു.

Related Articles

Check Also
Close
Back to top button