IndiaLatest

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി

“Manju”

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്.
മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ആണ് തോമര്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് ബില്‍ പാസാക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ രണ്ടു മണി വരെ നിര്‍ത്തി.
ബില്ലില്‍ ചര്‍ച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച വേണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.
ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം
രാവിലെ പ്രതിപക്ഷ ബഹളത്തോടെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായത്. കര്‍ഷക പ്രശ്‌നം ഉന്നയിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് ലോക്‌സഭ പന്ത്രണ്ടു മണി വരെ നിര്‍ത്തിവച്ചു. തുടര്‍ന്നു സഭ ചേര്‍ന്നപ്പോഴാണ് ബില്‍ അവതരിപ്പിച്ചത്.
സഭ ചേര്‍ന്നയുടന്‍ കര്‍ഷക പ്രശ്‌നം ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും മുദ്രാവാക്യം വിളി നിര്‍ത്താതായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.
ഏതു വിഷയത്തിലും ചര്‍ച്ചയ്ക്കു തയാര്‍: പ്രധാനമന്ത്രി
ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സഭ ചേരുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ ലേഖകരോടു പറഞ്ഞു. ഏതു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ സഭയുടെയും ചെയറിന്റെയും അന്തസ് പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് അനുസരിച്ച്‌ ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മോദി പറഞ്ഞു.

Related Articles

Back to top button