IndiaLatest

വിവാഹ തട്ടിപ്പ്; സഹോദരിമാരായ യുവതികള്‍ക്ക് തടവും പിഴയും

ഇന്‍ഡോര്‍ സ്വദേശികളായ സഹോദരിമാര്‍ക്കാണ് കഠിന തടവും പിഴയും

“Manju”

കൊച്ചി: സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ചു കബളിപ്പിച്ചു പണവും ആഭരണവും കവരുന്ന കേസില്‍ സഹോദരിമാരായ യുവതികള്‍ക്ക് തടവും പിഴയും ശിക്ഷ. ഇന്‍ഡോര്‍ സ്വദേശികളായ സഹോദരിമാര്‍ക്കാണ് മൂന്ന് വര്‍ഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും എറണാകുളം മജിസ്ട്രേട്ട് കോടതി വിധിച്ചത്.
ഒന്നും രണ്ടും പ്രതികളായ മേഘ ഭാര്‍ഗവ (30) സഹോദരി പ്രചി ശര്‍മ്മ ഭാര്‍ഗവ (32) എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്. ഇവര്‍ തട്ടിയെടുത്ത പണം പരാതിക്കാരനു തിരികെ നല്‍കാനും കോടതി വിധിച്ചു. മലയാളികളായ നാല് പേര്‍ ഉള്‍പ്പെടെ 11 പേര്‍ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. മൂന്നും നാലും പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് വിധി പുറപ്പെടുവിച്ചത്.
വൈറ്റിലയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരനായ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തി സമര്‍പ്പിച്ച പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്നു ഹൃദയാഘാതം വന്ന് ഇരയുടെ പിതാവ് മരിച്ചതു കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു.
നേരത്തേ വിവാഹിതയാണെന്ന വിവരം മറച്ചു വച്ചാണു മേഘ പരാതിക്കാരന്‍ അടക്കമുള്ള എല്ലാവരെയും കബളിപ്പിച്ചത്. അംഗ പരിമിതിയുള്ളവരെയാണ് ഇവര്‍ തട്ടിപ്പിനു തിര‍ഞ്ഞെടുത്തിരുന്നത്. വിവാഹം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചതിനു ശേഷം അവിടെയുള്ള പണവും ആഭരണങ്ങളും മോഷ്ടിച്ചു കടന്നുകളയുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
2015 സെപ്റ്റംബറിലാണു വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹാലോചന നടത്തിയതു മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ വിവാഹം നടന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ സ്വര്‍ണാഭരണങ്ങളും വാച്ചും വജ്രാഭരണവും വസ്ത്രങ്ങളും അഞ്ചര ലക്ഷം രൂപയുമടക്കം 9.50 ലക്ഷം രൂപയുടെ മുതലുമായി മേഘ ഇന്‍ഡോറിലേക്കു മുങ്ങി. മേഘയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഉയര്‍ന്ന സാമ്ബത്തിക ശേഷിയുള്ള കുടുംബങ്ങളിലെ അംഗപരിമിതിയുള്ള യുവാക്കളെയാണു പ്രതികള്‍ തട്ടിപ്പിനു വേണ്ടി ലക്ഷ്യമിട്ടിരുന്നത്. നാണക്കേടു ഭയന്നു പലരും പരാതി നല്‍കാതിരുന്നതു കൂടുതല്‍ തട്ടിപ്പിന് ഇവര്‍ക്കു പ്രേരണയായി.

Related Articles

Back to top button