IndiaLatest

നരാവനെ റാവത്തിന്റെ പിന്‍ഗാമി ആയേക്കും

“Manju”

ന്യൂഡല്‍ഹി: ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചത് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ആശയക്കുഴപ്പം സൃഷ്‌ടിച്ചെന്ന് സൂചന.
മൂന്ന് സേനകളെയും ഏകോപിപ്പിക്കുന്ന ചുമതലയുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സ്ഥാനത്തേക്ക് ഏറ്റവും സീനിയര്‍ ആയ ഓഫീസറെയാണ് പരിഗണിക്കുക. അതിനാല്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരാവനെ, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരില്‍ നിന്നാണ് പുതിയ ആളെ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ എയര്‍ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി ഇക്കഴിഞ്ഞ സെപ്ത‌ംബറിലും മലയാളിയായ അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ഇക്കഴിഞ്ഞ നവംബര്‍ 30മാണ് ചുമതലയേറ്റത്. അതിനാല്‍ സേനയെ നയിച്ച പരിചയവും കരസേനാ മേധാവിയെന്ന പരിഗണനയും ജനറല്‍ നരാവനയ്‌ക്ക് തുണയായേക്കും. ജനറല്‍ നരാവനയ്‌ക്ക് നറുക്കു വീണാല്‍ കരസേനയ്‌ക്ക് പുതിയ മേധാവി വരും.
തിയേറ്റര്‍ കമാന്‍ഡ് ലക്ഷ്യം പൂര്‍ത്തിയാക്കാതെ മടക്കം
മൂന്ന് സേനകളുടെയും ഫലപ്രദമായ ഏകോപനം ലക്ഷ്യമിട്ടുള്ള തിയേറ്റര്‍ കമാന്‍ഡ് രൂപീകരണം പൂര്‍ത്തിയാക്കും മുന്‍പാണ് ജനറല്‍ റാവത്തിന് വിടപറയേണ്ടി വന്നത്. അതിനാല്‍ പിന്‍ഗാമിയായി എത്തുന്ന ആളിന്റെയും മുഖ്യജോലി തിയേറ്റര്‍ കമാന്‍ഡ് രൂപീകരണമാകും.
ഇന്ത്യന്‍ സേനാ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരത്തിന് വഴി തുറന്ന് മൂന്ന് സായുധ സേനകളുടെയും ഓപ്പറേഷനുകള്‍ ഏകോപിപ്പിക്കുന്ന മിലിട്ടറി കമാന്‍ഡുകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സജ്ജമാക്കാനായിരുന്നു ജനറല്‍ റാവത്ത് ലക്ഷ്യമിട്ടത്.
മിലിട്ടറി കമാന്‍ഡുകള്‍ക്ക് കീഴില്‍ സേനകളുടെ ആള്‍ബലം, കഴിവ്, ലോജിസ്‌റ്റിക്‌സ് എന്നിവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനും സേനകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ചെലവു കുറയ്‌ക്കാനും ലക്ഷ്യമിട്ട് വെസ്‌റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ്, നോര്‍ത്തേണ്‍ തിയേറ്റര്‍ കമാന്‍ഡ്, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് ഈസ്‌റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
പെനിന്‍സുല കമാന്‍ഡ്, വ്യോമ പ്രതിരോധ കമാന്‍ഡ്, സ്‌പേസ് കമാന്‍ഡ്, മള്‍ട്ടി സര്‍വീസ് ലോജിസ്‌റ്റിക്സ് കമാന്‍ഡ്, ട്രെയിനിംഗ് കമാന്‍ഡ് എന്നിവയും ആലോചനയിലുണ്ട്.
ഓരോ തിയേറ്റര്‍ കമാന്‍ഡിലും വ്യോമസേനയുടെ ഒരു വിഭാഗമുണ്ടാകും. ആവശ്യമനുസരിച്ച്‌ കൂടുതല്‍ വിമാനങ്ങള്‍ ചേര്‍ക്കും. ചേര്‍ന്നു കിടക്കുന്ന മേഖലകളില്‍ സ്‌റ്റോറുകള്‍, ബേസുകള്‍ എന്നിവ പങ്കിട്ടും ആയുധങ്ങള്‍ പരസ്‌പരം കൈമാറിയും ചെലവു ചുരുക്കാമെന്ന് കണക്കുകൂട്ടുന്നു.

Related Articles

Back to top button