IndiaLatest

ജയലളിതയുടെ ‘വേദനിലയം’ സഹോദരപുത്രിക്ക്

“Manju”

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതി ഇനി സഹോദരപുത്രി ദീപ ജയകുമാറിനു സ്വന്തം. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള വേദനിലയം എന്ന അത്യാഡംബര ഭവനം ദീര്‍ഘനാള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണു ദീപയ്ക്കു സ്വന്തമായത്.

ദീപയ്ക്കു വസതിയുടെ താക്കോല്‍ കൈമാറണമെന്ന് നവംബര്‍ 24നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നു ചെന്നൈ കളക്ടര്‍ ജെ. വിജയറാണിയില്‍നിന്ന് അവര്‍ താക്കോല്‍ ഏറ്റുവാങ്ങി.

ഇതിനെ സാധാരണ വിജയമായി മാത്രം കാണാനാവില്ലെന്നായിരുന്നു ദീപയുടെ പ്രതികരണം. ജയലളിതയുടെ മരണശേഷം ആദ്യമായാണു വസതിയില്‍ കാലെടുത്തുവയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് മാധവനും അടുപ്പക്കാര്‍ക്കുമൊപ്പം വേദനിലയത്തിലെത്തിയ ദീപ ജയലളിതയുടെ ഛായാചിത്രത്തില്‍ പുഷ്പമാല്യങ്ങള്‍ അര്‍പ്പിച്ചു.

വേദനിലയം സ്മാരകമാക്കാനുള്ള അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി ഉത്തരവോടെ അവസാനിക്കുകയായിരുന്നു. തീരുമാനത്തിനെതിരേ ദീപയും സഹോദരന്‍ ജെ.ദീപക്കുമാണു കോടതിയെ സമീപിച്ചത്.

2020 ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കോടതി വസതിയുടെ താക്കോല്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചു. കുടിശികയായ ആദായനികുതി ഹര്‍ജിക്കാരില്‍ നിന്ന് ഈടാക്കാന്‍ ആദായനികുതി വകുപ്പിനു കോടതി അനുമതി നല്‍കിയിരുന്നു.

വിശാലമായ ലൈബ്രറിയും വിശ്രമമുറിയും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെയുള്ള വേദലനിലയം 1960കളില്‍ അമ്മയുടെ പേരിലാണു ജയലളിത വാങ്ങിയത്. മൂന്നു പതിറ്റാണ്ട് കാലത്തോളം ജയലളിത താമസിച്ചിരുന്നത് ഇവിടെയായിരുന്നു.

Related Articles

Back to top button