KeralaLatest

ആവേശം നിറച്ച്‌ വാഗമണ്‍, പരുന്തുംപാറ യാത്ര

“Manju”

കെഎസ്‌ആര്‍ടിസി ഹരിപ്പാട് ഡിപ്പോയില്‍ നിന്നും വാഗമണ്‍, പരുന്തുംപാറ എന്നിവിടങ്ങളിലേക്കുള്ള ഉല്ലാസയാത്ര അവിസ്മരണീയമാക്കി യാത്രക്കാര്‍. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്ക് കോടമഞ്ഞിലൂടെയുള്ള യാത്ര പുത്തന്‍ അനുഭവം ആയിരുന്നു എന്ന് യാത്രക്കാര്‍ പറഞ്ഞു.
വാഗമണ്ണിലെ തണുത്ത കാലാവസ്ഥ യാത്രക്കാര്‍ ശരിക്കും ആസ്വദിച്ചതായി ബസിന്റെ ഡ്രൈവര്‍ ജോമോനും കണ്ടക്ടര്‍ ഷിബുവും പറയുന്നു . തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മഞ്ഞ്, ഷോളമലകള്‍, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നവയായിരുന്നു എന്നും മൊട്ടക്കുന്നുകളും, അനന്തമായ പൈന്‍ മരക്കാടുകളും ഹൃദ്യമായ അനുഭവമാണ് നല്‍കിയതെന്നു യാത്രക്കാരായി ഉണ്ടായിരുന്ന ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവര്‍ ഗിരി ഗോപിനാഥും, കണ്ടക്ടറായ ഭാര്യ താരയും പറഞ്ഞു.പരുന്തുംപാറയിലെ നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കുകയും സൂര്യാസ്തമയം കാണുകയും ചെയ്ത ശേഷമായിരുന്നു മടക്കയാത്ര. പൊന്‍കുന്നം
ഡിപ്പോയിലെ കണ്ടക്ടര്‍ റെജു മോന്‍ ജോസഫായിരുന്നു യാത്രക്കാരുടെ ഗൈഡായി പ്രവര്‍ത്തിച്ചത്. ഈരാറ്റുപേട്ട അരുവിത്തറ പള്ളി, വാഗമണ്‍ വ്യൂ പോയിന്റ്, വാഗമണ്‍ കുരിശുമല, വാഗമണ്‍ മെഡോസ് (ഷൂട്ടിങ്പോയിന്റ്),ലേക്ക്, ഏലപ്പാറ തേയില പ്ലാന്റേഷന്‍, കുട്ടിക്കാനം പൈന്‍ ഫോറസ്റ്റ്, പരുന്തും പാറ, കുട്ടിക്കാനം വെള്ളച്ചാട്ടം എന്നിവ കണ്ടുള്ള യാത്ര മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന നല്ല ഓര്‍മകളാണ് സമ്മാനിച്ചതെന്നു പ്രശോഭും ഭാര്യ സുരഭിയും പറഞ്ഞു. അരിപ്പയിലേക്കും മലക്കപ്പാറയിലേക്കും യാത്രക്കാര്‍ക്ക് നല്ലൊരു വിനോദയാത്ര സമ്മാനിച്ച ഹരിപ്പാട് കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ മൂന്നാമത്തെ ഉല്ലാസയാത്രയായിരുന്നു വാഗമണ്‍.

Related Articles

Back to top button