IndiaLatest

ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്തടക്കമുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ സെമി കണ്ടക്ടര്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎല്‍ഐ)യില്‍ ഉള്‍പ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് .

മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവില്‍ . രാജ്യത്തെ ഇലക്‌ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. അതെ സമയം അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ അര്‍ധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കോമ്ബൗണ്ട് സെമികണ്ടക്ടര്‍ വേഫര്‍ ഫാബ്രിക്കേഷന്‍(ഫാബ്) അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് എന്നിവ ഉള്‍പ്പടെയുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് മൂലധനചെലവിന്റെ 25ശതമാനം വരെ ആനുകൂല്യം നല്‍കുന്നതാണ് പദ്ധതി. 1.7 ലക്ഷംകോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ക്വാല്‍കോം, മീഡിയടെക്, ഇന്റല്‍, ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് തുടങ്ങിയ ആഗോള കമ്പനികളെ ആകര്‍ഷിക്കാന്‍ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉത്പാദനകേന്ദ്രങ്ങള്‍ അടച്ചിട്ടതും വിതരണമേഖലയിലുണ്ടായ തടസ്സവുംമൂലം ആഗോളതലത്തില്‍ ചിപ്പിന്റെ ലഭ്യതയില്‍ വന്‍കുറവുണ്ടായിരുന്നു. കാറ്, സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്, വീട്ടുപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയുംചെയ്തു.

Related Articles

Back to top button