LatestMotivation

ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഒരുപ്രചോദന കഥ

“Manju”

ഓരോ മനഷ്യനും ഉള്ളില്‍ വഹിക്കുന്ന തിങ്ങിവിങ്ങുന്ന നരവധികഥകള്‍ പറയാനുണ്ടാകും.  പുറമേ നാം അവരെക്കാണുമ്പോള്‍ വലിയ പ്രശ്നമൊന്നും തോന്നില്ല. പക്ഷെ ഉള്ളില്‍ നീറുന്ന കദനവുമായി ചിരിച്ചമുഖത്തോടെ ലോകത്തെ അഭിമുഖീകരിക്കുന്നവര്‍ നിരവധിയാണ്. പുതുവര്‍ഷത്തില്‍ നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ദുഃഖിക്കാതെ വരുന്നകാലത്തെ ശുഭപ്രതീക്ഷയോടെ ധൈര്യത്തോടെ നേരിടാന്‍ ഇതാ തൃശ്ശൂരില്‍ നിന്നും ഒരു ചെറുപ്പക്കാരന്റെ ജീവിതം.
വായില്‍ സ്വര്‍ണ കരണ്ടിയുമായി ജനിച്ചവനെന്ന് നമ്മള്‍ പലരേയും നോക്കി അസൂയയോടെ പറയാറുണ്ട്. അത്തരത്തില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചാലും വിധി ചിലപ്പോള്‍ കരുതി വെയ്ക്കുന്നത് മറ്റൊരുതരത്തിലാണ്.

2010-ലെ ഒരു പുതുവര്‍ഷദിനത്തിലാണ് വിഷ്ണുവിന്റെ ജീവിതത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഒറ്റയടിക്ക് ഇല്ലാതായത്. ലക്ഷപ്രഭുവായിരുന്ന താന്ന്യത്തെ കെ. സത്യശീലന്റെ മകനാണ് വിഷ്ണു. ബിസിനസ്സായിരുന്നു സത്യശീലന്, ബിസിനസ് പൊളിഞ്ഞപ്പോള്‍ പാപ്പരായി നാടുവിട്ടു. ജീവിതം സര്‍വ്വ നാശത്തിലേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ അമ്മയും അത് താങ്ങാനാവാതെ ജീവിതം ഉപേക്ഷിച്ചു. ഏക സഹോദരി വീട്ടുകാരുമായി പിണങ്ങി പോവുകയും ചെയ്തു.
ഇതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ മകന്‍ വിഷ്ണുവിനോട് ഒരാള്‍ ചോദിച്ചു. എന്ത് സഹായമാണ് വേണ്ടത്? ഒരു പഴയ സൈക്കിളും ചെറിയ കെറ്റിലും എന്നായിരുന്നു മറുപടി. 12 വര്‍ഷം മുന്പ് കിട്ടിയ അതേ സൈക്കിളില്‍ ഇന്നും തൃശ്ശൂരിലെ നഗരത്തില്‍ രാത്രിയില്‍ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും വിറ്റ് അന്തസ്സായി ജീവിക്കുകയാണ് ഈ 36 കാരനായ എഞ്ചിനീയറിങ് ബിരുദധാരി.

വ്യോമസേനയില്‍നിന്ന് വിരമിച്ച സത്യശീലന്‍ തൃശ്ശൂരിലെ പ്രമുഖ ചിട്ടിക്കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഉള്‍പ്പെടെ പ്രമുഖ പദവികളിലുമിരുന്നു. ചിട്ടിക്കമ്പനിയില്‍നിന്ന് പിരിഞ്ഞ് എറണാകുളം കലൂരില്‍ ഐ.ടി. കമ്പനി ആരംഭിച്ചതോടെ തകര്‍ച്ച തുടങ്ങി. അക്കാലത്താണ് തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് വിഷ്ണു ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന് ചേര്‍ന്നത്. പഠനത്തിനിടെ കുടുംബം തകരുന്നതറിഞ്ഞില്ല. 2005-ല്‍ എന്‍ജിനിയറിങ് പഠനം കഴിഞ്ഞ് മൂന്നുവര്‍ഷം കോയമ്പത്തൂരില്‍ ജോലി ചെയ്തു. 2009-ല്‍ തിരിച്ചെത്തിയപ്പോഴേക്കും കൂറ്റന്‍ വീടും പറമ്പും ജപ്തിയുടെ വക്കിലായി.
വിഷ്ണു ജനിച്ച വീട് ജപ്തിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ അച്ഛന്‍ നാടുവിടുകയായിരുന്നു. ‘നിന്നെ നന്നായി വളര്‍ത്തി. ജോലി കിട്ടാനുള്ള പഠിപ്പും തന്നു. നല്ല വ്യക്തിയായി ജീവിക്കുക. അച്ഛനും മരിച്ചുവെന്ന് കരുതുക.’ നാടുവിട്ട അച്ഛന്‍ അവസാനമായി വിഷ്ണുവിനോട് പറഞ്ഞത് ഇതായിരുന്നു.

വീട് ജപ്തിയായതോടെ ജീവിതം തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു. മുകളില്‍ നീലാകാശവും നനുത്ത കാറ്റും ശുദ്ധമായ വായുവും നിറഞ്ഞ പ്രകൃതി അയാളെ മടിത്തട്ടിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന്  ജീവിക്കുവാനായി വിഷ്ണു സൈക്കിളില്‍ കാപ്പിവിറ്റു. പകല്‍ ഹോട്ടലുകളില്‍ ജോലിചെയ്തു. 2013-ല്‍ വീണ്ടും കോയമ്പത്തൂരിലെത്തി. ബഹുരാഷ്ട്രകമ്പനിയില്‍ നല്ല ശമ്പളത്തില്‍ വീണ്ടും രണ്ടുവര്‍ഷം ജോലിചെയ്തു. അതിനിടെയാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി സഹായം വാഗ്ദാനം ചെയ്ത് നാട്ടിലേക്ക് തിരിച്ചുവരുവാന്‍ വിളിച്ചത്. ജോലി രാജിവെച്ച്‌ നാട്ടിലെത്തി. പാര്‍ട്ടി സഹായിച്ചില്ലെന്ന് മാത്രമല്ല, കൈയിലുണ്ടായിരുന്ന പണവും പോയിക്കിട്ടി. വീണ്ടും ജീവിതചക്രം തിരിച്ച് കറങ്ങുവാന്‍ തുടങ്ങി സൈക്കിളിലെ ചുക്കുകാപ്പിവില്‍പ്പന പുനരാരംഭിച്ചു
ഇപ്പോള്‍ തന്റെ ജീവിതത്തില്‍ ഏറെ സംതൃപ്തനാണ് വിഷ്ണു. ‘ ജോലി കിട്ടി സമ്പാദിക്കാനാകുന്നതിലേറെ കൈയിലുണ്ട്. നല്ല മനസ്സമാധാനവും സ്വാതന്ത്ര്യവും. ഒഴിവുസമയത്ത് വരച്ച പെയിന്റിങ്ങുകള്‍ പലരും വലിയ വില പറഞ്ഞിട്ടുണ്ട്. ഹ്രസ്വചിത്രം ഉള്‍പ്പെടെ 15 എണ്ണങ്ങളില്‍ സംവിധായകനും സഹായിയും കലാസംവിധായകനും ആയി. ചില ചിത്രങ്ങളില്‍ വേഷമിട്ടു. ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സൈക്കിളില്‍ ചായ വിറ്റിട്ട് എന്തുനേടി എന്നതിന് ഉത്തരമാണിത്’- വിഷ്ണു പറയുന്നു.
ചെമ്പുക്കാവില്‍ വാടകഫ്‌ളാറ്റിലാണ് ഇപ്പോള്‍ താമസം. അവിടെ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതുമുണ്ടാക്കും. വൈകീട്ട് ഏഴുമുതല്‍ തൃശ്ശൂര്‍ നഗരമൊട്ടുക്കും സൈക്കിളില്‍ കറങ്ങി വില്‍പ്പന. വെളുപ്പിന് നാലിന് എത്തി ഉറങ്ങും. ഡിസൈനിങ് ചെയ്ത് നല്‍കുന്നുണ്ട്. സ്വന്തം യൂട്യൂബ് ചാനലുമുണ്ട്. ഫ്‌ളാറ്റ് 783 എന്ന ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണിപ്പോള്‍. ഒറ്റത്തടിയായി ജീവിക്കുന്നു.
ജീവിതം ഇങ്ങനെയൊക്കെയാണ്… വീഴ്ചകളില്‍ തളരാതിരിക്കുക… കരുത്തോടെ നേരിടുക എന്ന് വിഷ്ണുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Related Articles

Back to top button