India

കൊറോണ എന്റെ അടുത്ത് വരില്ല; പതിനൊന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ച് വയോധികൻ

“Manju”

പട്‌ന: രാജ്യത്ത് കൊറോണ വാക്‌സിനേഷൻ തകൃതിയായി നടക്കുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഹാറിലെ 84കാരൻ. ഒന്നാം ഡോസും, രണ്ടാം ഡോസും, ബൂസ്റ്റർ ഡോസും എല്ലാം എടുക്കാൻ ആളുകൾ നേട്ടോട്ടം ഓടുമ്പോൾ 11 ഡോസ് വാക്‌സിനാണ് വയോധികൻ എടുത്തത്. വിവരം പുറത്തുവന്നതോടെ സംഭവത്തിൽ സംഭവത്തിൽ അധികാരികൾ അന്വേഷണത്തിന് ഉത്തരവിട്ടു.

ബിഹാറിലെ മധേപുര ജില്ലയിൽ ഒറൈ എന്ന ഗ്രാമത്തിൽ താമസിക്കുന്ന ബ്രഹ്മദേവ് മണ്ഡൽ എന്ന വയോധികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്‌സിന്റെ 12ാം ഡോസ് സ്വീകരിക്കാൻ എത്തിയപ്പോഴാണ് വയോധികൻ 11 ഡോസുകൾ സ്വീകരിച്ച വിവരം അധികാരികൾ തിരിച്ചറിഞ്ഞത്. തപാൽ വകുപ്പിലെ ജീവനക്കാരനായിരുന്ന മണ്ഡൽ 2021 ഫ്രെബ്രുവരിയിലാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നീട് മാർച്ച്, മെയ്, ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിലും വയോധികൻ കുത്തിവെയ്പ്പ് സ്വീകരിച്ചു.

വാക്‌സിൻ മൂലം തനിക്ക് നല്ല പ്രതിരോധം ലഭിച്ചുവെന്നും കുത്തിവെപ്പ് നൽകുന്നതിലൂടെ സർക്കാർ നല്ല കാര്യമാണ് ചെയ്യുന്നതെന്നും മണ്ഡൽ പറയുന്നു. വാക്‌സിൻ ഗുണപ്രദമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇത്രയും ഡോസുകൾ എടുത്തതെന്നാണ് വയോധികന്റെ വിശദീകരണം.

ആദ്യമായി വാക്‌സിൻ സ്വീകരിക്കാൻ പോയപ്പോൾ ആധാർ കാർഡാണ് താൻ തിരിച്ചറിയൽ രേഖയായി നൽകിയത്. പിന്നീട് എട്ട് തവണയും ആധാർ കാർഡും തന്റെ സ്വന്തം ഫോൺ നമ്പറും നൽകി. പിന്നീട് മൂന്ന് തവണ ഭാര്യയുടെ ഫോൺ നമ്പറാണ് നൽകിയതെന്നും മണ്ഡൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഗ്രാമത്തിലെ ആശുപത്രി അധികൃതർ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.

 

Related Articles

Back to top button