IndiaLatest

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; ഹര്‍ജി നാളെ പരിഗണിക്കും

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ‘ലായേഴ്സ് വോയിസ്’ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിലയിരുത്തി.

അതേസമയം, സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പഞ്ചാബ്- ഹരിയാന ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് മെഹ്‌താബ് ഗില്‍, ആഭ്യന്തര, നീതിന്യായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ്മ എന്നിവരാണ് സമിതിയിലുള്ളത്.

കഴിഞ്ഞ ദിവസം കര്‍ഷകരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രപൂര്‍ത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോയി. വന്‍സുരക്ഷാ വീഴ്ചയില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിരുന്നു.
ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. പിന്നാലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയര്‍ സൂപ്രണ്ട് ഹര്‍മാന്‍ ഹാന്‍സിനെ ഡി.ജി.പി സസ്പെന്‍ഡ് ചെയ്തു.

ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിടാനും ഫിറോസ്‌പൂരിലെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ പഞ്ചാബില്‍ എത്തിയത്. സംസ്ഥാനത്തെ ക‌ര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ എത്തിയ മോദി ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്ററില്‍ പോകാനിരുന്നതാണ്. മഴയും മോശം കാലാവസ്ഥയും കാരണം 20 മിനിട്ട് വിമാനത്താവളത്തില്‍ കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം തിരിക്കുകയായിരുന്നു. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ ഇപ്പുറമുള്ള ഫ്ലൈ ഓവറില്‍ എത്തിയപ്പോഴേക്കും റോഡ് ഉപരോധിച്ചതായി അറിഞ്ഞു. അതോടെ വാഹനവ്യൂഹം ഫ്ലൈ ഓവറില്‍ കുടുങ്ങുകയായിരുന്നു. സുരക്ഷാ ഭടന്‍മാര്‍ ചാടിയിറങ്ങി നിറതോക്കുകളുമായി പ്രധാനമന്ത്രിയുടെ കാറിനെ വലയം ചെയ്തു. തുടര്‍ന്ന് ഇരുപത് മിനിറ്റോളം കാത്തുകിടന്നശേഷം പരിപാടികളെല്ലാം റദ്ദാക്കി മോദി ഭട്ടിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.

Related Articles

Back to top button