LatestThiruvananthapuramUncategorized

തിരുവനന്തപുരത്ത് അഞ്ചു വാര്‍ഡുകളില്‍ കര്‍ശന ലോക്ഡൗണ്‍

“Manju”

തിരുവനന്തപുരം: പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടു ശതമാനത്തിനു മുകളിലുള്ള ജില്ലയിലെ അഞ്ചു തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 35, 36 വാര്‍ഡുകളിലും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ 24, 32, 40 വാര്‍ഡുകളിലുമാണു സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 35, 36 വാര്‍ഡുകളില്‍ യഥാക്രമം 8.1, 20.17 വീതമാണു പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി 24-ാം വാര്‍ഡില്‍ 10.29, 32-ാം വാര്‍ഡില്‍ 9.45, 40-ാം വാര്‍ഡില്‍ 11.02 എന്നിങ്ങനെയുമാണ് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ. ഈ പ്രദേശങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം.

രോഗവ്യാപനം ഉയര്‍ന്നതിനെത്തുടര്‍ന്നു ജില്ലയിലെ ഒന്‍പതു പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, മെഡിക്കല്‍ കോളജ് വാര്‍ഡുകള്‍, വര്‍ക്കല മുനിസിപ്പാലിറ്റിയിലെ 6, 23 വാര്‍ഡുകള്‍, നന്ദിയോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പുളിമാത്ത് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ 32-ാം ഡിവിഷനിലെ രാധാകൃഷ്ണാ ലെയിന്‍, 84-ാം ഡിവിഷനിലെ യത്തീംഖാന റോഡ് മുതല്‍ അസീസ് നഗര്‍ വരെയുള്ള ഭാഗം, വര്‍ക്കല മുനിസിപ്പാലിറ്റിയിലെ 27-ാം ഡിവിഷനിലെ വാത്സല്യം ഓള്‍ഡ് ഏജ് ഹോം പ്രദേശം എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായുമാണു പ്രഖ്യാപിച്ചത്.

ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കു മാത്രമേ ഇവിടെ പ്രവര്‍ത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈന്‍-ഇന്‍, ടേക്ക് എവേ, പാഴ്സല്‍ തുടങ്ങിയവ അനുവദിക്കില്ല.

പൊതുജനങ്ങള്‍ പരമാവധി വീടിനടുത്തുള്ള കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങണം. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഡെലിവറിക്കായി രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണ്‍ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ താഴ്ന്നതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ മേലാറ്റിങ്ങല്‍ വാര്‍ഡില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെതന്നെ ആലംകോട്, പാലസ് എന്നീ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button